അരുണാചലില്‍ പെമ ഖണ്ഡു അടക്കം 33 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

212

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി പെമ ഖണ്ഡു അടക്കം 33 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഖണ്ഡുവിനെ വ്യാഴാഴ്ച പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ (പിപിഎ) നിന്ന് പുറത്താക്കിയിരുന്നു. 60 അംഗ നിയമസഭയില്‍ പിപിഎയില്‍ ഇനി 10 എം.എല്‍.എമാര്‍ മാത്രമാണ് അവശേഷിക്കുന്നത്. സെപ്തംബറില്‍ കോണ്‍ഗ്രസ് വിട്ടുവന്ന പെമ ഖണ്ഡു അടക്കമുള്ള 42 പേര്‍ പിപിഎയില്‍ ചേര്‍ന്നത്. ഖണ്ഡുവിനെ നിയമസഭാ കക്ഷി നേതൃത്വത്തില്‍ നിന്നും നീക്കിയിരുന്നു.

പാര്‍ട്ടിയെ ബി.ജെ.പിയില്‍ കൊണ്ടുപോയി കെട്ടാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഖണ്ഡുവിനെയും കൂട്ടാളികളെയും പുറത്താക്കിയത്. ഖണ്ഡുവിനെ നിയമസഭയിലെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് നീക്കിയതായും ഇനി മുതല്‍ അത്തരം ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് വിലക്കിയതായും പിപിഎ അധ്യക്ഷന്‍ കാഫിയ ബെങിയ അറിയിച്ചിരുന്നു. ഖണ്ഡു വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കരുതെന്നും പാര്‍ട്ടി നിയമസഭാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പാര്‍ട്ടിയുടെ പുതിയ നിയമസഭാ കക്ഷി നേതാവിനെ ഉടന്‍ തെരഞ്ഞെടുക്കുമെന്നും കാഫിയ ബെങിയ അറിയിച്ചിരുന്നു.

കോണ്‍ഗ്രസിന് അധികാരം ലഭിച്ച അരുണാചല്‍ പ്രദേശില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. മുഖ്യമന്ത്രിയായിരുന്ന നബാം തൂക്കിയെ അട്ടിമറിച്ച് വിമത നേതാവ് കലികോ പുല്‍ പതിനൊന്ന് ബി.ജെ.പി എം.എല്‍.എമാരുടെ പിന്തുണയോടെ ഭരണം പിടിച്ചെടുത്തിരുന്നു. സര്‍ക്കാരിനെ നിയമിച്ച ഗവര്‍ണറുടെ തീരുമാനം ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയുമായിരുന്നു. മുന്‍ തുകി സര്‍ക്കാരിനെ സുപ്രീം കോടതി പുനഃസ്ഥാപിച്ചു.
എന്നാല്‍ 60 അംഗ നിയമസഭയില്‍ തൂകിയ്ക്ക് ഭൂരിപക്ഷ എം.എല്‍.എമാരുടെ പിന്തുണ ലഭിക്കാതെ വന്നതോടെ ഖണ്ഡുവിന്‍റെ നേതൃത്വത്തില്‍ 43 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. അധികാരം നഷ്ടപ്പെട്ടതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലായ കലിഖേ പുല്‍ ഓഗസ്റ്റില്‍ ആത്മഹത്യ ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY