13 ലക്ഷത്തിന്‍റെ അസാധു നോട്ട് ബസില്‍ കടത്താന്‍ ശ്രമിച്ച മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍

258

കാസര്‍ഗോഡ്: കെ.എസ്.ആര്‍.ടി.സി. ബസില്‍ 13 ലക്ഷത്തിന്റെ അസാധുനോട്ടുകള്‍ കടത്തവേ, മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍. സാംഗ്ലി സ്വദേശി ധനാജി(40)നെയാണ് മഞ്ചേശ്വരം ചെക്പോസ്റ്റില്‍ എക്സൈസ് സംഘം പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. മൂകാംബികയില്‍നിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍നിന്നാണ് പണം പിടികൂടിയത്. ബാഗില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ആയിരത്തിന്റെ 12 കെട്ട് നോട്ടുകളും 500-ന്റെ രണ്ട് കെട്ടുമാണ് കണ്ടെടുത്തത്. കണ്ണൂരില്‍ വാടകവീട്ടില്‍ താമസിക്കുകയാണെന്നും സ്വര്‍ണം കൈമാറിയ വകയില്‍ കിട്ടിയ പണമാണിതെന്നുമാണ് ഇയാള്‍ പിടിയിലായപ്പോള്‍ പറഞ്ഞത്. കണ്ണൂരിലെ ഒരാള്‍ക്ക് കൊടുക്കാന്‍ കൊണ്ടുപോകുകയായിരുന്നെന്നും അവകാശപ്പെട്ടെങ്കിലും വ്യക്തമായ രേഖകളുണ്ടായിരുന്നില്ല. വെളുപ്പിക്കുന്നതിനായി ഇതരസംസ്ഥാനങ്ങളില്‍ നിന്നും കാസര്‍കോട്ടേയ്ക്ക് കള്ളപ്പണമൊഴുകുന്നുണ്ടെന്ന സൂചനയെത്തുടര്‍ന്ന് എക്സൈസ് സംഘം ചെക്പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. രണ്ടുദിവസംമുമ്ബ് ചെക്പോസ്റ്റില്‍നിന്ന് 20 ലക്ഷത്തിന്റെ അസാധുനോട്ടുകളുമായി കാസര്‍കോട് സ്വദേശിയെ പിടികൂടിയിരുന്നു.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരിദാസ് പാലക്കല്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍രാജ്, പ്രിവന്റീവ് ഓഫീസര്‍ ജോസഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഗോപി, മുഹമ്മദ് കബീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

NO COMMENTS

LEAVE A REPLY