വലിയതുറയിൽ വനിതാ ട്രാഫിക് വാർഡനെ ബൈക്കിടിച്ച് പരിക്കേല്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

20

തിരുവനന്തപുരം : ഗർഭിണിയെയും അമ്മയെയും തടഞ്ഞുവെച്ച് ആക്രമിക്കാൻ ശ്രമിച്ചത് തടയാനെത്തിയ ശംഖുംമുഖ ത്തെ ട്രാഫിക് വാർഡനായ ദിവ്യയെയാണ് ശംഖുംമുഖം രാജീവ് നഗർ ടി.സി. 34/132(1) ട്രിനിറ്റി ഹൗസിൽ ആന്റണി ബൈക്കിടിപ്പിച്ച് പരിക്കേല്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വലിയതുറ പോലീസ് റിമാൻഡുചെയ്തു. ഇയാൾക്കെതിരേ വലിയതുറ, തുമ്പ, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ നിരവധി കേസുകളുള്ളതായി പോലീസ് പറഞ്ഞു.

ശംഖുംമുഖം അസി. കമ്മിഷണർ ഡി.കെ.പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത് . ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

വലിയവേളി സ്വദേശിനി ഷാലറ്റും ഗർഭിണിയായ മകൾ ലിബിതയും കാറിൽ ശംഖുംമുഖത്തെ പാർക്കിങ് ഗ്രൗണ്ടിലെത്തിയിരുന്നു. പാർക്ക് ചെയ്യുന്നതിനിടയിൽ ഇവരുടെ കാർ ആന്റണിയുടെ ബൈക്കിൽ തട്ടിയെന്നാരോപിച്ചാ യിരുന്നു അസഭ്യം പറയുകയും ആക്രമിക്കാനും ശ്രമിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ദിവ്യ ഓടിയെത്തി കൈയേറ്റം തടഞ്ഞു.

ഇതിൽ കുപിതനായ ആന്റണി ദിവ്യയുടെ കാലിൽ ബൈക്കിടിച്ച് പരിക്കേൽപ്പിച്ചു. ഇവർ നൽകിയ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ തിരച്ചലിൽ ഇയാളെ ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്യുകയായിരുന്നു.

ശംഖുംമുഖം അസി. കമ്മിഷണർ ഡി.കെ.പൃഥ്വിരാജിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ. ആർ.പ്രകാശ്, എസ്.ഐ.മാരായ അഭിലാഷ്, അലീനാ സൈറസ്, സാബു, എ.എസ്.ഐ. മധു, സി.പി.ഒ. ഷാബു എന്നിവരുൾപ്പെട്ടവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.

NO COMMENTS