വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവരോട് സൗഹൃദ സമീപനം വേണം: ജില്ലാ കളക്ടര്‍

79

കാസറകോട് : കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും മറ്റു വിദേശരാജ്യങ്ങളില്‍ നിന്നും വരുന്നവരെ അകറ്റി നിര്‍ത്താതെ കൂടുതല്‍ ജന സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു അറിയിച്ചു. കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും വരുന്നവരുടെ സംശയ നിവാരണ ത്തിനും ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം ലഭ്യമാക്കുന്നതിനുമായി എല്ലാ പി എച്ച് സി കളിലും സി എച്ച് സി കളിലും ആശുപത്രികളിലും കൊറോണ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

വിദേശരാജ്യങ്ങളില്‍ നിന്നും രോഗ ലക്ഷണത്തോടു കൂടി വരുന്നവര്‍ ഫോണ്‍ മുഖേന ഹെല്‍പ്പ് ഡെസ്‌കും ആയി ബന്ധപ്പെട്ടതിനു ശേഷം മാത്രം ആവശ്യമെങ്കില്‍ ജില്ലാ ജനറല്‍ ആശുപത്രിയെ സമീപിക്കാവുന്നതാണ്. കൂടാതെ കൂടുതല്‍ സംശയനിവാരണത്തിനായി ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലില്‍ ഫോണ്‍ മുഖാന്തരവും ബന്ധപ്പെടാവുന്നതാണ്.

രോഗ ലക്ഷണം ഉള്ളവര്‍ പൊതു വാഹനം ഉപയോഗിക്കുന്നത് ഒഴിവാക്കണം. പൊതു ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കുക. കുടുംബത്തില്‍ ഒരാളെ മാത്രം പരിചരണത്തിനായി നിര്‍ത്തുക എന്നീ കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പാരാലീഗല്‍ വളണ്ടിയര്‍മാര്‍ക്കുള്ള കൊറോണ ബോധവല്‍ക്കരണ പരിശീലനം കാഞ്ഞങ്ങാട് സബ് ജഡ്ജ് വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലയിലെ വിവിധ പാരാലീഗല്‍ സര്‍വീസ് നല്‍കുന്നവര്‍ സംബന്ധിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ എ വി രാംദാസ്, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. മനോജ് എ ടി തുടങ്ങിയവര്‍ സംസാരിച്ചു.

NO COMMENTS