കോവിഡ് വ്യാപനം : മെഡിക്കൽ കോളേജിൽ കൂടുതൽ സജ്ജീകരണങ്ങൾക്ക് നിർദേശം

16

തിരുവനന്തപുരം : ജില്ലയിൽ ആശുപത്രികളിൽ ചികിത്സ തേടുന്ന കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹ ചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സക്കായി ഐ.സി.യു ഉൾപ്പെടെ കൂടുതൽ കിടക്കകൾ സജ്ജമാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ്. കോവിഡ് രോഗികൾക്കായുള്ള കിടക്കകളുടെ എണ്ണം 205ൽ നിന്ന് 400 ആയി ഉയർത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിറക്കി.

ഐ.സി.യു കിടക്കകളുടെ എണ്ണം നിലവിലെ 21ൽ നിന്ന് ഇരട്ടിയായി വർധിപ്പിച്ചു. കോവിഡ് ഇതര രോഗങ്ങൾക്കുള്ള കിടത്തി ചികിത്സ കുറയ്ക്കുന്നതിലൂടെ കൂടുതൽ വാർഡുകളെ കോവിഡ് അനുബന്ധ ചികിത്സക്കായി ഉപയോഗിക്കാനും നിർദേശമുണ്ട്.

കാറ്റഗറി സി വിഭാഗത്തിൽപെടുന്ന ഗുരുതര സാഹചര്യത്തിലുള്ള കോവിഡ് രോഗികൾക്കായി പ്രത്യേക ഒ.പി സജ്ജീകരി ക്കാനും അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് മുൻഗണനാടിസ്ഥാനത്തിൽ പ്രവേശനം നൽകാനുമാണ് നിർദേശം. കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തിൽ കാറ്റഗറി ബി രോഗികളെ സി.എസ്.എൽ.ടി.സികളിലേക്കും കാറ്റഗറി എ വിഭാഗത്തിലുള്ള രോഗികളെ ഹോം ഐസൊലേഷനിലേക്കും മാറ്റണം.

റഫറൽ കേന്ദ്രങ്ങളിൽ പ്രവേശന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും നിർദേശമുണ്ട്. മെഡിക്കൽ കേളേജിലെ കാറ്റഗറി ബി രോഗികൾക്കുള്ള റഫറൽ കേന്ദ്രമായി പേരൂർക്കട സർക്കാർ ഇ.എസ്.ഐ ആശുപത്രി പ്രവർത്തിക്കും.

നോൺ ക്ലിനിക്കൽ വിഭാഗങ്ങളിലെ ഡോക്ടർമാരെയും ജീവനക്കാരെയും അടിയന്തരഘട്ടങ്ങളിൽ കോവിഡ് ഡ്യൂട്ടിക്കായി പുനർവിന്യസിക്കണം. കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി അധിക ജീവനക്കാരുടെ സേവനം ലഭ്യമാകുന്നതുവരെ മെഡിക്കൽ കോളേജ് ജീവനക്കാരെ അടിയന്തരഘട്ടങ്ങളിൽ വിന്യാസിക്കാനും ഉത്തരവിൽ നിർദേശിക്കുന്നു.

അഡ്മിനിസ്ട്രേഷൻ ഇൻഫ്രാസ്ട്രക്ചറിന്റെയും ഡാറ്റ അപ്‌ഡേഷന്റേയും ചുമതലയുള്ള നോഡൽ ഓഫീസർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക് പ്രോഗ്രാം മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റുമായി ചേർന്ന് പ്രവർത്തിക്കണമെന്നും നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം 2005ലെ സെക്ഷൻ 51 പ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.

NO COMMENTS