മാധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ അന്തരിച്ചു

198

കൊച്ചി : പ്രശസ്ത മാധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ (86) അന്തരിച്ചു. ദീര്‍ഘകാലമായി രോഗബാധിതയായി ചികിത്സയിലായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം.ജന്മഭൂമി പത്രത്തിന്റെ ചീഫ്‌ എഡിറ്ററാണ്. 1932 നവംബര്‍ പത്തിന് എറണാകുളം ജില്ലയിലെ വെങ്ങോലയിലാണ് ജനനം. പാലക്കാട്ട് നീലകണ്ഠന്‍ കര്‍ത്താവും തുമ്മാരുകുടി ജാനകിയമ്മയുമാണ് മാതാപിതാക്കള്‍.വെങ്ങോല പ്രൈമറി സ്‌കൂള്‍, പെരുമ്ബാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, നൈസാം കോളേജ് ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മാധ്യമപ്രവര്‍ത്തനരംഗത്തേക്കു കടക്കുന്നതിനു മുമ്ബ് തപാല്‍ വകുപ്പില്‍ ജോലി ചെയ്തിട്ടുണ്ട്.

1978ല്‍ ഇന്ത്യന്‍ എക്‌സ്പ്രസിലൂടെയാണ് മാധ്യമപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്.ന്യൂഡല്‍ഹി, കൊച്ചി, കോട്ടയം എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.2000ല്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റായിരിക്കെ ഇന്ത്യന്‍ എക്‌സ്പ്രസില്‍നിന്ന് വിരമിച്ചു. ഔട്ട്‌ലുക്ക്, ദ ഹിന്ദു, മാധ്യമം, മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കോളങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടന്നുവരാന്‍ സ്ത്രീകള്‍ മടിച്ചുനിന്ന കാലഘട്ടത്തിലാണ് പോസ്റ്റ് ഓഫീസിലെ ജോലിയുപേക്ഷിച്ച്‌ ലീലാ മേനോന്‍ മാധ്യമപ്രവര്‍ത്തകയായത്. മാധ്യമമേഖലയില്‍ നിരവധി നേട്ടങ്ങളും അവരെ തേടിയെത്തിയിട്ടുണ്ട്.

ഭര്‍ത്താവ് പരേതനായ മുണ്ടിയടത്ത് മേജര്‍ ഭാസ്‌കരമേനോന്‍. ‘നിലയ്ക്കാത്ത സിംഫണി’ എന്ന ആത്മകഥയും ‘ഹൃദയപൂര്‍വം’ എന്ന പേരില്‍ തിരഞ്ഞെടുത്ത ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

NO COMMENTS