എം.എം.മണി മന്ത്രിസ്ഥാനം രാജിവയ്ക്കണം : വി.എം.സുധീരന്‍

206

അഞ്ചേരി ബേബി വധക്കേസില്‍ രണ്ടാം പ്രതിയായ വൈദ്യുതമന്ത്രി എം.എം.മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും എം.എം.മണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ഇല്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

എം.എം.മണിക്കെതിരായ കോടതിവിധിയും മുന്‍ എം.എല്‍.എയും സി.പി.എം. ജില്ലാ സെക്രട്ടറിയുമായ കെ.കെ.ജയചന്ദ്രനെ ഈ കേസില്‍ പ്രതിചേര്‍ത്തതും സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് എതിരെയുള്ള കനത്ത തിരിച്ചടിയാണ്.
കോടതിവിധിയില്‍ അസാധാരണമായി ഒന്നുമില്ലെന്നും അതിനാല്‍ അദ്ദേഹം രാജിവയ്‌ക്കേണ്ടതില്ലെന്നുമുള്ള സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ നിലപാട് യഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. താന്‍ നിരപരാധിയാണെന്നും അതിനാല്‍ തന്നെ വിചാരണയ്ക്ക് വിധേയനാക്കേണ്ടതില്ലെന്നുമുള്ള എം.എം.മണിയുടെ വാദം അംഗീകരിക്കാതെയാണ് കോടതി വിടുതല്‍ഹര്‍ജി തള്ളിയത്.

എം.എം.മണിക്കെതിരായ കുറ്റാരോപണത്തില്‍ പ്രഥമഷ്ട്യ കഴമ്പുണ്ടെന്ന കണ്ടെത്തലാണ് കോടതിവിധിയില്‍ വ്യക്തമായിരിക്കുന്നത്. അതുകൊണ്ട് തന്നെ നേരത്തെ ഉള്ളതില്‍ നിന്നും വ്യത്യസ്ത സാഹചര്യമാണ് വിടുതല്‍ ഹര്‍ജി തള്ളിയ കോടതിവിധിയിലൂടെ ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തെ ഒരു മന്ത്രി പ്രതിയായ കൊലക്കേസില്‍ മതിയായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മന്ത്രിക്കെതിരെ കേസുണ്ടെന്നും പ്രഥമദൃഷ്ട്യ മന്ത്രിക്കുറ്റക്കാരനാണെന്ന് എന്നും വ്യക്തമാക്കുന്ന കോടതിവിധിയിലൂടെ ഗുരുതരമായ സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്.അതിനാല്‍ നിയമവാഴ്ചയേയും ജുഡീഷ്യറിയേയും വെല്ലുവിളിക്കാതെ എത്രയും പെട്ടന്ന് മന്ത്രി രാജിവച്ച് ഒഴിയുകയാണ് വേണ്ടതെന്നും സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY