തുർക്കിയിൽ അധികാരം പിടിച്ചെന്നു സൈന്യം

167

അങ്കാറ∙ തുർക്കിയിൽ ഭരണം പിടിച്ചെടുത്തതായി സൈന്യത്തിന്റെ സ്ഥിരീകരണം. ഇന്നലെ അർധരാത്രിയോടെ തലസ്ഥാനമായ അങ്കാറയിലും ഇസ്തംബൂളിലും കടന്ന സൈന്യം വിമാനത്താവളവും പ്രധാന റോഡുകളും കൈവശപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇന്നു പുലർച്ചെയോടെ അധികാരം പിടിച്ചെടുത്തതായുള്ള സൈന്യത്തിന്റെ അവകാശവാദവും എത്തി. അങ്കാറയിൽ സൈനീക ഹെലികോപ്ടറിൽ നിന്ന് വെടിവയ്പുണ്ടായതയായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പലയിടത്തും സ്ഫോടന ശബ്ദം കേട്ടതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം പട്ടാള അട്ടിമറി എന്തുവില കൊടുത്തും തടയുമെന്നും രാജ്യത്തെ ജനാധിപത്യ സർക്കാർ ഭരണത്തിൽ തുടരുമെന്നും പ്രധാനമന്ത്രി ബിനാലി യിൽദിരം പ്രഖ്യാപിച്ചു. സൈന്യത്തിന്റെ അവകാശവാദം സത്യമാണെങ്കില്‍ മധ്യപൗരസ്ത്യ മേഖലയിലെ നിർണായകമായ രാഷ്ട്രീയ മാറ്റത്തിനായിരിക്കും ഇത് വഴിയൊരുക്കുക.
2003 മുതൽ അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് തയി എർദോന്റെ സ്ഥാനം തെറിക്കുന്നത് അമേരിക്കയ്ക്കും തിരിച്ചടിയാകും. മേഖലയിലെ ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തിൽ അമേരിക്കയുടെ പ്രധാന സഖ്യരാജ്യങ്ങളിലൊന്നാണ് തുർക്കി. സൈനിക ബലത്തിന്റെ കാര്യത്തിലും മുൻപന്തിയിലുള്ള തുർക്കിയിൽ 20 ലക്ഷത്തോളം സിറിയൻ അഭയാർഥികൾ ഉള്ളതായാണു കണക്ക്.
അങ്കാറയിലും ഇസ്തംബൂളിലും വിമാനത്താവളവും പ്രധാന റോഡുകളും കൈവശപ്പെടുത്തിയ സൈന്യം രാജ്യത്തെ സൈനിക മേധാവിയെ തടവിലാക്കുകയും ചെയ്തതയാണ് റിപ്പോർട്ട്. അതേസമയം പട്ടാള അട്ടിമറിയെക്കുറിച്ച് എർദോന്‍ പ്രതികരിച്ചിട്ടില്ല. പ്രസിഡന്റ് സുരക്ഷിതനാണെന്ന് ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു. ജനാധിപത്യരീതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് ഇപ്പോഴും ഭരണത്തിൽ തുടരുന്നതെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കി.
വിമാനത്താവളങ്ങളെല്ലാം സൈന്യം അടച്ചു കഴിഞ്ഞു. രാജ്യത്തെ ഇന്റർനെറ്റ് ബന്ധങ്ങളും വിച്ഛേദിച്ചു. തുർക്കിയി‍ൽ ജനാധിപത്യ സർക്കാർ അധികാരത്തിൽ തുടരുമെന്നു സമൂഹമാധ്യമത്തിലൂടെ പ്രധാനമന്ത്രി പ്രസ്താവിച്ചതിനു പിന്നാലെയാണ് ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടത്.
തുർക്കിയിലെ പ്രധാനപ്പെട്ട പാലങ്ങളിലൊന്നായ ബോസ്ഫോറസ് പാലവും സൈന്യം അടച്ചു. നിസില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് ഫ്രാൻസ് പതാകയുടെ നിറങ്ങളിൽ ഇന്നലെ വൈദ്യുതാലങ്കാരം നടത്തിയിരുന്ന പാലമായിരുന്നു ഇത്. രണ്ട് പ്രധാനപാലങ്ങൾ അടച്ചതോടെ പുറംലോകവുമായുള്ള ബന്ധം ഏകദേശം വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ് തുർക്കി.
https://youtu.be/3v5m0Mbup70
courtesy : manorama online

NO COMMENTS

LEAVE A REPLY