മുന്‍ അമീറിന്‍റെ നിര്യാണം : ഖത്തറില്‍ മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം

244

1972 മുതല്‍ 95 വരെ ഖത്തറിന്‍റെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി മുന്‍ അമീറിന്‍റെ നിര്യാണത്തെ തുടര്‍ന്ന് ഖത്തറില്‍ മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. 1972 മുതല്‍ 95 വരെ ഖത്തറിന്‍റെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി ആധുനിക ഖത്തറിന്‍റെ സ്ഥാപകനായാണ് അറിയപ്പെടുന്നത്. നിലവിലെ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പിതാമഹനും രണ്ടു പതിറ്റാണ്ടിലേറെ രാജ്യത്തിന്‍റെ ഭാരണധികാരിയായി തുടരുകയും ചെയ്ത ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി എണ്‍പത്തി നാലാമത്തെ വയസില്‍ വിടവാങ്ങിയിരിക്കുന്നു. ഖത്തറിന്‍റെ സാമ്പത്തികവും സാംസ്കാരികവുമായ പുരോഗതിയില്‍ നിര്‍ണായകമായിരുന്നു ശൈഖ് ഖലീഫയുടെ ഭരണകാലം.
അബ്ദുല്ല ബിന്‍ ജാസിം അല്‍താനിയുടെ കൊച്ചുമകനായി 1932 ല്‍ ഖത്തര്‍ രാജകുടുംബത്തില്‍ ജനിച്ച ഷെയ്ഖ് ഖലീഫ വിദ്യാഭ്യാസ മന്ത്രിയും ധനകാര്യ മന്ത്രിയുമായി തുടര്‍ന്ന ശേഷം 1971 ല്‍ ബ്രിട്ടനുമായുള്ള കരാര്‍ അവസാനിച്ച ശേഷമാണ് അമീറായി സ്ഥാനമേല്‍ക്കുന്നത്. എണ്ണയുത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പുറമെ പ്രകൃതി വാതകത്തിന്‍റെ ഉത്പാദനത്തിലൂടെ രാജ്യത്തിനു ശക്തമായ സാമ്പത്തിക അടിത്തറയുണ്ടാക്കിയതോടോപ്പം ഖത്തര്‍ എന്ന കൊച്ചു രാഷ്ട്രത്തെ ആധുനിക വത്കരിക്കുന്നതില്‍ ശ്രദ്ധയൂന്നിയാണ് അദ്ദേഹം തന്റെ ഭരണകാലം പിന്നിട്ടത്. പ്രകൃതിവാതക നിക്ഷേപത്തില്‍ റഷ്യക്കും ഇറാനും പിന്നില്‍ മൂന്നാം സ്ഥാനം കയ്യടക്കിയ രാജ്യം ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രങ്ങളുടെ മുന്‍ നിരയിലേക്കെത്താന്‍ കാരണമായത് ഷെയ്ഖ് ഖലീഫയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇത്തരം നടപടികളായിരുന്നു. 1984 ല്‍ അദ്ദേഹം ഇന്ത്യയിലും സന്ദര്‍ശനം നടത്തിയിരുന്നു. 1995 ല്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഷെയ്ഖ് ഖലീഫ വിശ്രമ ജീവിതം നയിക്കുന്നതിനിടെ ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്.
ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തെ തുടര്‍ന്ന് ഖത്തറില്‍ മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ ദേശീയ പതാക താഴ്ത്തി കെട്ടിയിട്ടുണ്ട്.മൂന്നു ദിവസം മറ്റെല്ലാ ഔദ്യോഗിക പരിപാടികളും റദ്ധാക്കിയിട്ടുണ്ട്. അതേസമയം ഓഫീസുകളും വിദ്യാലയങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും.

NO COMMENTS

LEAVE A REPLY