വിടപറഞ്ഞത് സുഹൃത്ത് മാത്രമല്ല, ആത്മവിശ്വാസം തന്ന നേതാവ്- ഉമ്മന്‍ചാണ്ടി

132

കൊച്ചി: കെഎം മാണിയുടെ വേര്‍പ്പാട് കേരളത്തിന് വലിയ നഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണി തനിക്ക് സുഹൃത്തും സഹപ്രവര്‍ത്തകനും മാത്രമായിരുന്നില്ല. ആത്മവിശ്വാസം തന്ന നേതാവ് കൂടിയായിരുന്നു. വളരെ നീണ്ട കാലത്തെ പാര്‍ട്ടി ബന്ധവും വ്യക്തി ബന്ധവും തങ്ങള്‍ തമ്മിലുണ്ടായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വൈകീട്ട് അഞ്ച് മണിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മാണിയുടെ അന്ത്യം. വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസ് തുടരുകയായിരുന്നു. ശ്വാസ കോശ രോഗമാണ് കൂടുതല്‍ പ്രതിസന്ധിയാക്കിയത്. മരണ സമയം ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും പേരക്കുട്ടികളും മാണിക്കൊപ്പമുണ്ടായിരുന്നു.

ഒട്ടേറെ റെക്കോഡുകളുടെ ഉടമയാണ് കെഎം മാണി. പാലാ മണ്ഡലം രൂപീകരിച്ച നാള്‍ മുതല്‍ മാണി അവിടെ മല്‍സരിച്ചു. എല്ലാ തിരഞ്ഞെടുപ്പിലും വിജയിച്ചു. ഇടതുകാറ്റ് ആഞ്ഞുവീശിയ തിരഞ്ഞെടുപ്പ് പലതും വന്നെങ്കിലും പാലായില്‍ മാത്രം കുലുക്കമുണ്ടായില്ല. ബാര്‍ കോഴ വിവാദ കാലത്ത് മാണി തോല്‍ക്കുമെന്ന പലരും വിധിയെഴുതിയിരുന്നു. എല്ലാ പ്രവചനങ്ങളും അസ്ഥാനത്താക്കി മാണി സാര്‍ തന്നെ പാലായില്‍ ഉയര്‍ന്നു നിന്നു.

1965ലാണ് ആദ്യമായി നിയമസഭയിലേക്ക് മല്‍സരിച്ചത്. 1975ല്‍ പാലായ്ക്ക് ആദ്യമായി മന്ത്രിയെ സമ്മാനിച്ച് മാണി മന്ത്രിയായി. ഏത് എക്‌സിറ്റ് പോള്‍ പ്രവചിച്ചാലും എനിക്ക് പ്രശ്‌നമില്ല. എന്നെ പാലാക്കാര്‍ കൈവിടില്ല- മാണിയുടെ വാക്കുകള്‍. ഇന്ന് അദ്ദേഹം പാലായെ വിട്ടുപോയിരിക്കുന്നു. വിധിയുടെ തീര്‍പ്പിന് മുന്നില്‍ കീഴടങ്ങിയെങ്കിലും പാലാക്കാരുടെ മനസില്‍ അദ്ദേഹം ജീവിക്കുമെന്ന് തീര്‍ച്ച.

NO COMMENTS