കരണ്‍ ജോഹര്‍ സിനിമ : ദേവേന്ദ്ര ഫഡ്നാവിസിയുടെ മധ്യസ്ഥതയെ വിമര്‍ശിച്ച്‌ ശിവസേന

220

മുംബൈ• ‘യെ ദില്‍ ഹെ മുശ്കില്‍’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പിന് മധ്യസ്ഥത വഹിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന. വീരമൃത്യു വരിച്ച ജവാന്‍മാരെ അപമാനിക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയതെന്ന് പാര്‍ട്ടി മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗം കുറ്റപ്പെടുത്തി. എല്ലാ എതിര്‍പ്പും മുഖ്യമന്ത്രിയുടെ വസതിയിലെ ഒരു കപ്പ് ചായയില്‍ അലിഞ്ഞുപോയി. ആരു നേടി, ആരു തോറ്റു എന്നതിലേക്കു കടക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും നടന്ന സംഭവങ്ങള്‍ വീരമൃത്യുവരിച്ച ജവാന്‍മാരെ അപമാനിക്കുന്നതാണ്. ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ പാക്ക് അധിനിവേശ കശ്മീരിലെ മിന്നലാക്രമണങ്ങളെക്കുറിച്ച്‌ വീമ്ബ് പറയുന്നു. എന്നാല്‍, മിന്നലാക്രമണങ്ങള്‍ക്കു ശേഷം 25 തവണയെങ്കിലും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടുണ്ട്. അതേക്കുറിച്ച്‌ ആരും മിണ്ടുന്നില്ല. ഇവിടത്തെ സിനിമാ നിര്‍മാതാക്കള്‍ക്കു കുഴപ്പം വരാതെ നോക്കുന്നതിലാണ് എല്ലാവരുടെയും ശ്രദ്ധ. സിനിമയുടെ റിലീസിന് അഞ്ചു കോടി രൂപ സൈനിക ക്ഷേമനിധിയിലേക്കു നല്‍കാനാണ് കരണ്‍ ജോഹറിനോട് ആവശ്യപ്പെട്ടത്. സൈനികരുടെ ജീവത്യാഗത്തിന്റെ വിലയാണോ ഇത് ? മുഖപ്രസംഗം പരിഹസിക്കുന്നു.
കഴിഞ്ഞ ശനിയാഴ്ച നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് സിനിമയുടെ പ്രദര്‍ശനം തടയാനുള്ള നീക്കത്തില്‍ നിന്ന് എംഎന്‍എസ് പിന്‍മാറിയത്. മുഖ്യമന്ത്രി മധ്യസ്ഥത വഹിച്ചതിനെ കോണ്‍ഗ്രസും എന്‍സിപിയും നേരത്തെ വിമര്‍ശിച്ചിരുന്നു.

NO COMMENTS

LEAVE A REPLY