സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ കോഴിക്കോടിന് കലാകിരീടം

211

കണ്ണൂര്‍ • സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ കോഴിക്കോടിന് കലാകിരീടം. പാലക്കാടും കണ്ണൂരും കോഴിക്കോടിന്റെ കുതിപ്പിനെ തടയാന്‍ ശ്രമിച്ചെങ്കിലും അവസാന ദിവസം സ്വര്‍ണകപ്പ് വിട്ടുകൊടുക്കാന്‍ തയാറല്ലെന്ന് കോഴിക്കോട് ഉറപ്പിക്കുകയായിരുന്നു. പാലക്കാടാണ് രണ്ടാം സ്ഥാനത്ത് കണ്ണൂര്‍ മൂന്നാം സ്ഥാനത്തും. ഇതോടെ ഏഴുനാള്‍ നീണ്ടു നിന്ന കൗമാര കലകളുടെ ഉത്സവത്തിന് കൊടിയിറങ്ങി. ദേശഭക്തിഗാന മല്‍സരത്തിലെ ഫലമാണ് കോഴിക്കോടിനെ മുന്നിലെത്തിച്ചത്. ഫലം വന്നപ്പോള്‍ പങ്കെടുത്ത 25 പേരില്‍ 14 പേര്‍ക്കും എ ഗ്രേഡാണ് ലഭിച്ചത്. ഇതില്‍ മൂന്നുപേര്‍ കോഴിക്കോട്ടുകാരായിരുന്നു. അതുവരെ മുന്നിലായിരുന്ന പാലക്കാടിന് ലഭിച്ചത് ഒരു ബി ഗ്രേഡും. ഇതോടെ കോഴിക്കോട് മുന്നിലെത്തി. അവസാന നിമിഷം എട്ട് അപ്പീലുകള്‍ ഉണ്ടായിരുന്നെങ്കിലും കോഴിക്കോടിന്റെ വിജയക്കുതിപ്പിന് തടസമായില്ല.

കലോല്‍സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രധാനവേദിയില്‍ ഉദ്ഘാടനം ചെയ്തത്. മജീഷ്യന്‍ ഗോപിനാഥ് മുതുകാടായിരുന്നു മുഖ്യാതിഥിതി. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, രവീന്ദ്രനാഥ്, പി.കെ. ശ്രീമതി എം.പി. കെ.സി. ജോസഫ് എംഎല്‍എ, കെ.വി. സുമേഷ്, കണ്ണൂര്‍ മേയര്‍ ലത തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
കണ്ണൂരിന്റെ അപ്രതീക്ഷിത മുന്നേറ്റമാണ് കോഴിക്കോടിനും പാലക്കാടിനും ഭീഷണി ഉയര്‍ത്തിയത്. 2015ല്‍ കോഴിക്കോടുമായി കിരീടം പങ്കുവച്ച പാലക്കാടിന് കഴിഞ്ഞവര്‍ഷവും ഇത്തവണയും രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവന്നു. ജനപങ്കാളിത്തത്താലും സംഘാടക മികവിനാലും ശ്രദ്ധേയമായിരുന്നു 232 ഇനങ്ങളില്‍ 12,000 വിദ്യാര്‍ഥികള്‍ മത്സരിച്ച കണ്ണൂരിലെ കലോല്‍സവം. കേരളത്തിലെ നദികളുടെ പേരിട്ട ഇരുപത് വേദികളിലേക്ക് ജനം ഒഴുകിയെത്തിയപ്പോള്‍ കലോല്‍സവവേദികള്‍ നിറഞ്ഞു. ഇടയ്ക്കെത്തിയ ഹര്‍ത്താലിന് കലയുടെ ആവേശം കുറയ്ക്കാനായില്ല.

കലോല്‍സവത്തിന്റെ സുഗമമായ നടത്തിപ്പിനായി കലോല്‍സവ മാന്വല്‍ പരിഷ്ക്കരിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കലോല്‍സവം സമാപിക്കുന്നത്. അപ്പീലുകള്‍ റെക്കോര്‍ഡിട്ടതോടെ പല മത്സരങ്ങളും പന്ത്രണ്ട് മണിക്കൂറോളം വൈകിയാണ് ആരംഭിക്കാനായത്. കലോല്‍സവം കഴിഞ്ഞാലുടന്‍ മാന്വല്‍ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കും.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിധികര്‍ത്താക്കളെ നിരീക്ഷിക്കാന്‍ വിജിലന്‍സ് സംഘം രംഗത്തിറങ്ങിയതും ഈ കലോല്‍സവത്തിന്റെ പ്രത്യേകതയായിരുന്നു. പ്ലാസ്റ്റിക് രഹിത കലോല്‍സവമെന്ന ആശയം ഇത്തവണ സാക്ഷാത്കരിക്കാനായെന്നതും കണ്ണൂരിന്റെ മാത്രം പ്രത്യേകതയായി. പരിസ്ഥിതിക്ക് ഒരു പോറലുമേല്‍പ്പിക്കാതെയാണ് കലോല്‍സവം അവസാനിക്കുന്നത്. മത്സരിക്കാനെത്തിയവര്‍ക്കും വിധികര്‍ത്താക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം സംഘാടകര്‍ വിതരണം ചെയ്തത് 15000 തുണിസഞ്ചികളാണ്.

NO COMMENTS

LEAVE A REPLY