ഇന്‍ഫോസിസിന് ലാഭം 3606 കോടി

196

ബെംഗളൂരു • രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള ഐടി കയറ്റുമതി കമ്പനിയായ ഇന്‍ഫോസിസ്, സാമ്ബത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 6.1% വര്‍ധനയോടെ 3606 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം സമാനപാദത്തില്‍ 3398 കോടി രൂപയായിരുന്നു അറ്റാദായം. ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തിലെ അറ്റാദായവുമായി (3436 കോടി രൂപ) താരതമ്യം ചെയ്യുമ്ബോള്‍ 4.95 ശതമാനമാണ് വര്‍ധന.എന്നാല്‍, 2016-17 വര്‍ഷത്തേക്കുള്ള വരുമാന വളര്‍ച്ചാപ്രതീക്ഷ 8-9 ശതമാനമായി കുറച്ചു. വളര്‍ച്ച കുറയുമെന്ന് മൂന്നു മാസത്തിനിടെ രണ്ടാം തവണയാണു കമ്ബനി വിലയിരുത്തുന്നത്. ആദ്യപാദ ഫലം പുറത്തുവന്നപ്പോള്‍ 11.5 – 13.5 ശതമാനത്തില്‍നിന്ന് 10.5 – 12 % ആയി ഇതു കുറച്ചിരുന്നു.

ഫലപ്രഖ്യാപനത്തിനു പിന്നാലെ കമ്ബനിയുടെ ഓഹരിവില 2.38 ശതമാനം ഇടിഞ്ഞു.ഐടി വ്യവസായത്തില്‍, പ്രത്യേകിച്ച്‌ ബാങ്കിങ്, ധനസേവന മേഖലയില്‍ നേരിടുന്ന മാന്ദ്യമാണ് ഇതിനു കാരണമെന്ന് ഇന്‍ഫോസിസ് സിഇഒയും മാനേജിങ് ഡയറക്ടറുമായ വിശാല്‍ സിക്ക വിശദീകരിച്ചു. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിലെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്ബോള്‍ വിറ്റുവരവ് 10.7% വര്‍ധിച്ച്‌ 17,310 കോടി രൂപ രേഖപ്പെടുത്തി.പാദാനുപാദ വരുമാന വളര്‍ച്ച 16,782 കോടി രൂപയാണ് (3.1%). ഇന്‍ഫോസിസിന്റെ ലാഭവിഹിതം ഓഹരിയൊന്നിന് 11 രൂപയാണ്. ഓഹരിയിന്മേലുള്ള വരുമാനം (ഇപിഎസ്) രണ്ടാം പാദത്തില്‍ 15.77 രൂപയും. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 2779 പേരെ കൂട്ടിച്ചേര്‍ത്തതോടെ ജീവനക്കാരുടെ എണ്ണം 199829 ആയി.

NO COMMENTS

LEAVE A REPLY