സൈനിക നടപടിയിലൂടെ പാക്ക് അധിനിവേശ കശ്മീര്‍ പിടിക്കാമായിരുന്നു: വ്യോമസേനാ മേധാവി

351

ന്യൂഡല്‍ഹി• ധാര്‍മികതയുടെ പേരുപറഞ്ഞ് ചര്‍ച്ചകള്‍ക്കു മുതിരുന്നതിനു പകരം സൈനിക നടപടിക്കു തുനിഞ്ഞിരുന്നെങ്കില്‍ പാക്ക് അധിനിവേശ കശ്മീര്‍ ഇപ്പോള്‍ ഇന്ത്യയുടെ ഭാഗമായിരുന്നേനെയെന്ന് വ്യോമസേനാ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ. 1971ലെ ഇന്ത്യ-പാക്ക് യുദ്ധം വരെ ഇന്ത്യ തങ്ങളുടെ സൈനിക ശക്തി അതിന്റെ പൂര്‍ണതോതില്‍ കശ്മീര്‍ വിഷയത്തില്‍ പ്രയോഗിച്ചിട്ടില്ലെന്നും ഡല്‍ഹിയില്‍ ഒരു സെമിനാറില്‍ പ്രസംഗിക്കവെ അരൂപ് രാഹ പറഞ്ഞു.
പാക്ക് അധിനിവേശ കശ്മീരിനെ ഇന്ത്യയുടെ ശരീരത്തില്‍ തറച്ചിരിക്കുന്ന മുള്ളെന്ന് വിശേഷിപ്പിച്ച രാഹ, സുരക്ഷാ കാര്യങ്ങളില്‍ ഇന്ത്യ ഇതുവരെ പ്രായോഗിക സമീപനം മാത്രമെന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ സുരക്ഷാ സാഹചര്യങ്ങള്‍ ഇപ്പോഴും മോശമാണ്. രാജ്യത്തിന്റെ സൈനിക ശക്തിയുടെ ഭാഗമായ വ്യോമസേനയുടെ കരുതല്‍, മേഖലയിലെ ഭീഷണികള്‍ നേരിടുന്നതിനും സമാധാനവും ശാന്തതയും ഉറപ്പുവരുത്തുന്നതിനും അനിവാര്യമാണ് – അദ്ദേഹം പറഞ്ഞു.
യുഎന്‍ ചാര്‍ട്ടറിലും ചേരിചേരാ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളിലും പഞ്ചശീല തത്വങ്ങളിലും അധിഷ്ഠിതമായ വിദേശനയമാണ് ഇന്ത്യയുടേത്. എപ്പോഴും ധാര്‍മിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് നമ്മുടെ രീതി. സുരക്ഷാ കാര്യങ്ങളില്‍ ഇപ്പോഴും പ്രായോഗിക സമീപനം മാത്രമെന്ന നിലപാട് നമുക്കില്ലെന്നാണ് എന്റെ പക്ഷം. അങ്ങനെ നോക്കിയാല്‍ ഇന്ത്യയ്ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ സൈനിക ശക്തി നാം പ്രയോഗിച്ചിട്ടില്ലേ ഇല്ല – രാഹ പറഞ്ഞു.
രാജ്യത്തെ ഉലച്ച പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴെല്ലാം അതിനെ നേരിടുന്നതിനും പരിഹരിക്കുന്നതിനും സൈനിക ശക്തി, പ്രത്യേകിച്ചും വ്യോമസേനയുടെ കരുത്ത്, ഉപയോഗിക്കുന്നതില്‍ നാം മടികാണിച്ചിട്ടേ ഉള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈനികശക്തി ഉപയോഗിക്കേണ്ടത് അനിവാര്യമായി വന്നപ്പോഴെല്ലാം പകരം സമാധാനം തേടി യുഎന്നിനെ സമീപിക്കുകയായിരുന്നു നമ്മള്‍. അതുകൊണ്ടുതന്നെ പ്രശ്നങ്ങളെല്ലാം ഇപ്പോഴും നിലനില്‍ക്കുന്നു. ഇന്ത്യയുടെ ശരീരത്തിലെ ഒരു മുള്ളായി പാക്ക് അധിനിവേശ കശ്മീര്‍ നിലനില്‍ക്കുകയും ചെയ്യുന്നു – രാഹ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങളില്‍ മാറ്റം വന്നിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ സൈനിക ബലം ഉപയോഗിക്കാന്‍ രാജ്യം മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY