വി.എസ്. അച്യുതാനന്ദനെ അധ്യക്ഷനാക്കി രൂപീകരിച്ച ഭരണപരിഷ്കരണ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച്‌ ഉത്തരവ് പുറത്തിറങ്ങി

167

തിരുവനന്തപുരം• ഭരണത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അധ്യക്ഷനാക്കി രൂപീകരിച്ച ഭരണപരിഷ്കരണ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച്‌ ഉത്തരവ് പുറത്തിറങ്ങി. ഭരണപരിഷ്കരണ കമ്മിഷന്‍ അധ്യക്ഷനായി സെപ്റ്റംബര്‍ രണ്ടാംവാരം വിഎസ് ചുമതലയേല്‍ക്കുമെന്നാണു സൂചന. നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രന് അനുവദിച്ചിരുന്ന കവടിയാര്‍ ഹൗസ് വിഎസിനു നല്‍കാനാണ് ആലോചന. വിഎസിനെ കൂടാതെ മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി. നായര്‍, നീലാ ഗംഗാധരന്‍ എന്നിവരാണ് കമ്മിഷനിലെ മറ്റംഗങ്ങള്‍. വിഎസിനു കാബിനറ്റ് പദവിയും അംഗങ്ങള്‍ക്കു ചീഫ് സെക്രട്ടറിയുടെ പദവിയുമാണു നല്‍കിയിരിക്കുന്നത്.ഓഗസ്റ്റ് മൂന്നിനു ചേര്‍ന്ന മന്ത്രിസഭായോഗം കമ്മിഷനെ നിയമിക്കുന്ന കാര്യം തീരുമാനിച്ചെങ്കിലും ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചിരുന്നില്ല.
കമ്മിഷന്‍ അധ്യക്ഷനായ വിഎസിന് ഔദ്യോഗിക വസതി അനുവദിക്കുന്നതിലും തീരുമാനമായില്ല. ഏറെ കാലതാമസത്തിനുശേഷമാണു സെക്രട്ടേറിയറ്റിന്‍റെ രണ്ടാം അനക്സിലെ നാലാം നിലയില്‍ കമ്മിഷന് ഓഫിസ് അനുവദിച്ചത്. ഈ മാസം തന്നെ വിഎസിന് ഔദ്യോഗികവസതി അനുവദിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.നാലാമത്തെ ഭരണപരിഷ്കാര കമ്മിഷനാണിത്. മുന്‍ മുഖ്യമന്ത്രി ഇഎംഎസ്, ഇ.കെ.നായനാര്‍, ഐഎഎസ് ഉദ്യോഗസ്ഥനായ എം.കെ. വെള്ളോടി എന്നിവരാണു മുന്‍പ് ഭരണപരിഷ്കരണ കമ്മിഷന്‍ അധ്യക്ഷനായിട്ടുള്ളത്.

NO COMMENTS

LEAVE A REPLY