കാസറകോട് ജില്ലയില്‍ ആദ്യമായി ജല ഗ്രാമസഭകള്‍

129

കാസറകോട് : ജില്ലയില്‍ ആദ്യമായി ജല ഗ്രാമസഭകള്‍ നടത്തിയ പഞ്ചായത്തും ബേഡഡുക്കയാണ്. ജലദിനത്തില്‍ ജലയാത്രയും ജലപാര്‍ലമെന്റും നടത്തി. പഞ്ചായത്തിന്റെ പ്രധാനപ്പെട്ട കുളങ്ങളുടെ കരയില്‍ സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തില്‍ പ്രത്യേക ക്ലാസുകള്‍ നടത്തി. ഐ ഡബ്ല്യു എം പി യുടെ ഭാഗമായി ആദ്യഘട്ടത്തില്‍ മുണ്ടേന്‍പള്ളം, പറയംപള്ളം, മുന്നാട്, പൂക്കുന്നത്ത്പാറ നാല് പള്ളങ്ങള്‍ അഭിവൃദ്ധിപ്പെടുത്തി.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 92 കിണറുകള്‍, 152 കുളങ്ങള്‍, 4000 മീറ്റര്‍ മണ്ണ് കയ്യാല, 30000 മീറ്റര്‍ കല്ല് കയ്യാല,പെര്‍ക്കൊലേഷന്‍ ടാങ്കുകള്‍, പൊതു കുളങ്ങളുടെ പുനരുദ്ധാരണം, കയര്‍ ഭൂവസ്ത്രം(കോട്ടവയല്‍-240 മീ.), പള്ളം പുനരുദ്ധാരണം എന്നീ പ്രവൃത്തികളും ഏറ്റെടുത്ത് നടത്തി.

വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ വിഹിതവും കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് 125 ളം വീടുകളില്‍ റീ ചാര്‍ജ് സംവിധാനം നടത്തി. പഞ്ചായത്തില്‍ തന്നെ കൂറ്റന്‍ മഴവെള്ള സംഭരണി നിര്‍മ്മിച്ചു.ജലസംരക്ഷണത്തിന് ജലസാക്ഷരത പദ്ധതിയില്‍ വാര്‍ഡുകള്‍ തോറും മഴച്ചങ്ങാതികള്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി പ്രവര്‍ത്തനം നടത്തി.

ശുചിത്വ-മാലിന്യ സംസ്‌കരണം, കൃഷി, ജലസംരക്ഷണം എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച പഞ്ചായത്ത് എന്ന വിലയിരുത്തലിലാണ് ഹരിതകേരളം മിഷന്‍ ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ് – 2019 ബേഡഡുക്ക സ്വന്തമാക്കിയത്. ഹരിതകേരളം മിഷന്റെ ഉപമിഷനുകളായ ശുചിത്വ-മാലിന്യ സംസ്‌കരണം, ജലസംരക്ഷണം-ജലസമൃദ്ധി, കൃഷി വികസനം-സുജലം സുഫലം എന്നിവയിലൂടെ നടപ്പാക്കിയ പദ്ധതികളാണ് അവാര്‍ഡിനായി പരിഗണിച്ചത്.

NO COMMENTS