മലബാര്‍ സിമന്റ്സ് : വി.എം രാധാകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി

210

കൊച്ചി: മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ വ്യവസായി വി.എം രാധാകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി, കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു. ഫ്ലൈ ആഷ് ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എം.ഡി പത്മകുമാര്‍ അടക്കം നാലു പേരാണ് പ്രതികള്‍. മലബാര്‍ സിമന്റ്സിലെ ഫ്ലൈ ആഷ് ഇറക്കുമതിയുമായി ബന്ധപ്പെട്ടകേസില്‍ മൂന്നാം പ്രതിയാണ് വ്യവസായിയായ വി.എം രാധാകൃഷ്ണന്‍. അസംസ്കൃത വസ്തു ഇറക്കുമതി ചെയ്യുന്നതിന് വി.എം രാധാകൃഷ്ണന്റെ സ്ഥാപനമായ എ ആര്‍ കെ വുഡ് ആന്റ് മിനറല്‍സ് എന്ന സ്ഥാപനവുമായി മലബാര്‍ സിമന്റ്സിനു കറാറുണ്ടായിരുന്നു. 2004ല്‍ തുടങ്ങിയ ഈ കരാറില്‍ നിന്നും നാലുവര്‍ഷത്തിനു ശേഷം വി.എം രാധാകൃഷ്ണന്റെ സ്ഥാപനം ഏകപക്ഷീയമായി പിന്മാറി. ഒപ്പം, കമ്ബനി ബാങ്കില്‍ നല്‍കിയ സെക്യൂരിറ്റി തുകയും പലിശയും അടക്കം 52.45 ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തു. ഇതിന് മുന്‍ എം.ഡി അടക്കം ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നാണ് ത്വരിത പരിശോധനയിലെ കണ്ടെത്തല്‍. മലബാര്‍ സിമന്റ്സുമായി ബന്ധപ്പെട്ട മറ്റു ചില കേസുകളിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യമനുവദിച്ച സാഹചര്യത്തിലാണ് വിഎം രാധാകൃഷ്ണന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ തളളിയ കോടതി വിജിലന്‍സ് ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വി.എം
രാധാകൃഷ്ണന്‍ വൈകാതെ വിജിലന്‍സിനു മുന്‍പിലെത്തും. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറസ്റ്റ് രേഖപ്പെടുത്തും. മുന്‍ എം.ഡി കെ.പത്മകുമാര്‍ ഒന്നാം പ്രതിയും ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ് രണ്ടാം പ്രതിയുമായ കേസില്‍ എ.ആര്‍.കെ വുഡ്ഡ് ആന്റ് മിനറല്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. വടിവേലുവാണ് നാലാം പ്രതി.

NO COMMENTS

LEAVE A REPLY