കോയമ്പത്തൂര്‍ അതിര്‍ത്തി വഴി നിര്‍മാണ സാമഗ്രികള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്ന വാഹനങ്ങള്‍ തമിഴ്നാട് തടയുന്നു

196

ശിരുവാണിയില്‍ കേരളം പുതിയ ഡാം പണിയാനുള്ള നീക്കം തുടക്കത്തിലേ തമിഴ്നാട് തടയുന്നു. കോയമ്പത്തൂര്‍ അതിര്‍ത്തി വഴി നിര്‍മാണ സാമഗ്രികള്‍ കേരളത്തിലേക്ക് കടത്തിവിടരുതെന്നാണ് തമിഴ്നാട് ഉത്തരവിട്ടിരിക്കുന്നത്. നിര്‍മാണ സാമഗ്രികള്‍ ലഭ്യമാവാതെ അട്ടപ്പാടിയിലെ ഭവന നിര്‍മാണ പദ്ധതികളും നിലച്ചിരിക്കുകയാണിപ്പോള്‍.
മലപ്പുറം കോഴിക്കോട് ഭാഗങ്ങളിലേക്കും, വാളയാറിലെ തിരക്കൊഴിവാക്കി പാലക്കാടിന്റെ വടക്കന്‍ ഭാഗങ്ങളിലേക്കും കോയമ്ബത്തൂരില്‍ നിന്ന് നിര്‍മാണ സാമഗ്രികള്‍ പോകുന്ന ആനക്കട്ടി ചെക്പോസ്റ്റിലൂടെ കഴിഞ്ഞ മുന്നാഴ്ചയായി നിര്‍മാണ സാമഗ്രികളൊന്നും കടത്തിവിടുന്നില്ല. കാരണമന്വേഷിച്ചപ്പോള്‍ കേരളത്തില്‍ ശിരുവാണിയില്‍ ഡാം കെട്ടുന്നുണ്ടെന്നും അതുകൊണ്ട് തൃശൂരിലേക്കല്ല കേരളത്തില്‍ എവിടേക്കും ഇവിടെനിന്ന് വണ്ടി വിടരുതെന്ന് ഓര്‍ഡറുണ്ടെന്നുമാണ് ഞങ്ങള്‍ക്ക് ലഭിച്ച മറുപടി.ലോറി ഒരു നിമിഷം പോലും ചെക്പോസ്റ്റില്‍ നിര്‍ത്തരുതെന്നും, ഉടന്‍ തിരിച്ചു പോകണമെന്നും ഉദ്ദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നു. കാരണമന്വേഷിച്ച്‌ തുടിയല്ലൂര്‍ പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ വാഹനങ്ങള്‍ വിടരുതെന്ന് തമിഴ്നാട് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവുണ്ടെന്നായിരുന്നു മറുപടി.നമ്മുടെ നാട്ടിലെ മെറ്റീരിയല്‍സ് എടുത്ത് അവര്‍ക്ക് ഡാം കെട്ടാന്‍ അനുവദിക്കാനാവില്ലെന്നാണ് കോയമ്ബത്തൂര്‍ നോര്‍ത്ത് തഹസില്‍ദാര്‍ ശിവകുമാര്‍ പറയുന്നത്. ഡാമിന്റെ നിര്‍മാണം തുടങ്ങിയിട്ടു പോലുമില്ലാത്ത സാഹചര്യത്തിലാണ് തമിഴ്നാടിന്റെ ഈ നീക്കം. ദിവസവും 20 ലോറികളാണ് ഇതുപോലെ അതിര്‍ത്തിയില്‍ നിന്ന് തിരിച്ചയക്കുന്നത്. വാളയാറിലെ മണിക്കൂറുകള്‍ നീളുന്ന കാത്തിരിപ്പ് സഹിച്ച്‌ 150 കിലോമീറ്ററിലധികം ചുറ്റി സഞ്ചരിച്ചാണ് ഇപ്പോള്‍ ഇവര്‍ ലക്ഷ്യത്തിലെത്തുന്നത്. ഒരു ലോഡിന് 10000 രൂപയുടെ നഷ്ടമാണ് ഇതുമൂലമുണ്ടാവുന്നത്. അട്ടപ്പാടിയില്‍ 350 രൂപക്ക് ലഭിച്ചിരുന്ന ഒര ചാക്ക് സിമന്റിന് 550 രൂപ നല്‍കിയാലും കിട്ടാനില്ലാത്ത അവസ്ഥയാണിപ്പോള്‍. ആദിവാസികളുടെ ഭവന നിര്‍മാണ പദ്ധതികളും ഇതു മൂലം നിലച്ചിരിക്കുകയാണ്. ഈ മാസം ആദ്യം മുതലാണ് അതിര്‍ത്തിയില്‍ നിര്‍മാണ സാമഗ്രികള്‍ തമിഴ്നാട് തടയാനാരംഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം വന്നേക്കാവുന്ന ഡാം തങ്ങളുടെ ജനങ്ങളെ ബാധിച്ചേക്കുമെന്ന ആശങ്കയില്‍ തമിഴ്നാട് സര്‍ക്കാര്‍ നീക്കങ്ങള്‍ തുടങ്ങിയ കാര്യം നമ്മുടെ സര്‍ക്കാര്‍ അറിഞ്ഞിട്ടില്ല. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം തമിഴ്നാട് നടത്തുന്ന ഈ നീക്കത്തിനെതിരെ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.

NO COMMENTS

LEAVE A REPLY