സുഷമ സ്വരാജ് ഇടപെട്ടു; പാക്ക് വിദ്യാര്‍ഥിനിക്ക് ‍ഡല്‍ഹി സ്കൂളില്‍ പ്രവേശനം

203

ന്യൂഡല്‍ഹി • ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ ഡല്‍ഹിയിലെ ഒരു സ്കൂളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട പാക്കിസ്ഥാന്‍കാരിയായ മധു എന്ന പെണ്‍കുട്ടിക്കു വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിലൂടെ സ്കൂള്‍പ്രവേശനം ഉറപ്പായി. മധുവിന് ഡല്‍ഹി സ്കൂളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ സുഷമ, പിറ്റേന്നു വൈകിട്ട് ഏഴിന് തന്നെ വന്നുകാണാന്‍ മധുവിനോടും കുടുംബത്തോടും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നു മധുവിന്റെ മാതാപിതാക്കളുമായി സംസാരിച്ച ശേഷമാണ് സുഷമ സ്വരാജ് പ്രശ്നത്തിലിടപെട്ടത്.സ്കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ടു സുഷമ സ്വരാജ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായി സംസാരിച്ചതായി മധു പിന്നീടു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രവേശനത്തിന്റെ കാര്യത്തില്‍ തനിക്ക് ശുഭപ്രതീക്ഷയാണുള്ളതെന്നും പാക്കിസ്ഥാന്‍കാരിയായതിനാല്‍ ആധാര്‍ കാര്‍ഡില്ലാത്തതാണ് സ്കൂള്‍ പ്രവേശനത്തിനു തടസമായതെന്നും മധു പറഞ്ഞു.പാക്ക് പഞ്ചാബില്‍ നിന്നുള്ള മധുവും കുടുംബവും രണ്ടു വര്‍ഷം മുന്‍പാണ് ഇന്ത്യയിലെത്തിയത്. ഹിന്ദു മതവിശ്വാസികളായ മധുവിന്റെ കുടുംബം അവിടെ നേരിട്ട മതപരമായ അസഹിഷ്ണുതയെത്തുടര്‍ന്നാണ് ഇന്ത്യയിലേക്കു താമസം മാറിയത്. മുന്‍പും പ്രതിസന്ധികളില്‍പ്പെട്ട പാക്ക് പൗരന്‍മാര്‍ക്കു വേണ്ടി മുന്‍പും സുഷമ ഇടപെട്ടിട്ടുണ്ട്. കഴിഞ്ഞ മേയില്‍, 17 വയസുകാരിയായ മഷാല്‍ മഹേശ്വരിക്ക് സുഷമ നേരിട്ട് ഇടപെട്ട് ഒരു മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിക്കൊടുത്തിരുന്നു.

NO COMMENTS

LEAVE A REPLY