ശബരിമല: 2.43 ലക്ഷം തീർത്ഥാടകർക്ക് ആരോഗ്യ സേവനങ്ങൾ നൽകി ആരോഗ്യ വകുപ്പ്

16

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് 2,43,413 പേർക്ക് ആരോഗ്യ സേവനങ്ങൾ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിൽ 7278 പേർക്ക് ഒബ്സർബേഷനോ കിടത്തി ചികിത്സയോ വേണ്ടി വന്നിട്ടുണ്ട്. നെഞ്ചുവേദനയായി വന്ന 231 പേർക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ള 13,161 പേർക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ള 81,715 പേർക്കും റോഡപകടങ്ങളിലൂടെ പരിക്കേറ്റ 295 പേർക്കും പാമ്പുകടിയേറ്റ 18 പേർക്കുമാണ് പ്രധാനമായും ചികിത്സ നൽകിയത്. 1546 പേരെ മറ്റാശുപത്രികളിലെത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കി. ഹൈക്കോടതിയുടെ അനുമതിയെ തുടർന്ന് ഇത്തവണ സന്നിധാനം വരെ തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്പെഷ്യൽ റെസ്‌ക്യൂ വാൻ അനുവദിച്ചിരുന്നു. ഈ സ്പെഷ്യൽ റെസ്‌ക്യൂ വാൻ വഴി 150 പേർക്ക് അടിയന്തര സേവനം നൽകിയതായും മന്ത്രി പറഞ്ഞു. മാതൃകാപരമായ സേവനം നൽകിയ എല്ലാ ആരോഗ്യ പ്രവർത്തകരേയും മന്ത്രി അഭിനന്ദിച്ചു.

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനായി വിപുലമായ സേവനങ്ങളാണ് ആരോഗ്യ വകുപ്പ് ഒരുക്കിയിരുന്നത്. ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്നതിനാൽ മികച്ച ചികിത്സാ സേവനങ്ങൾ ഒരുക്കുന്നതിനോടൊപ്പം പകർച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും പ്രത്യേക പ്രാധാന്യം നൽകിയിരുന്നു. സന്നിധാനം, പമ്പ, നിലയ്ക്കൽ, ചരൽമേട് (സ്വാമി അയ്യപ്പൻ റോഡ്), നീലിമല, അപ്പാച്ചിമോട് എന്നീ സ്ഥലങ്ങളിൽ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്‌പെൻസറികൾ പ്രവർത്തിച്ചു. എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റർ, വെന്റിലേറ്റർ, കാർഡിയാക് മോണിറ്റർ സംവിധാനമുറപ്പാക്കി. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും പൂർണ സജ്ജമായ ലാബ് സൗകര്യമൊരുക്കി. പമ്പയിലും സന്നിധാനത്തും ഓപ്പറേഷൻ തീയറ്ററുകളും എക്സ്റേ സൗകര്യവും സജ്ജമാക്കിയിരുന്നു.

അടൂർ ജനറൽ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, തിരുവല്ല ജില്ലാ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, കോന്നി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ശബരിമല പ്രത്യേക വാർഡ് സജ്ജാക്കിയിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് പ്രവർത്തിച്ചു. ഇതുകൂടാതെ എരുമേലി, കോഴഞ്ചേരി, മുണ്ടക്കയം, വണ്ടിപ്പെരിയാർ, കുമളി, ചെങ്ങന്നൂർ തുടങ്ങി 15 ഓളം ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ തീർത്ഥാടകർക്കായി മികച്ച സൗകര്യമൊരുക്കി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പമ്പ സർക്കാർ ആശുപത്രിയിൽ കൺട്രോൾ റൂം സ്ഥാപിച്ചിരുന്നു. പമ്പ മുതൽ സന്നിധാനം വരെയുള്ള യാത്രക്കിടയിൽ 15 സ്ഥലങ്ങളിലും കാനനപാതയിൽ 4 സ്ഥലങ്ങളിലും എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്‌സിജൻ പാർലറുകൾ എന്നിവ സ്ഥാപിച്ചിരുന്നു. ആയുഷ് വിഭാഗത്തിന്റെ സേവനവും ഉറപ്പാക്കി.

പമ്പയിലും നിലയ്ക്കലും എരുമേലിയിലും മറ്റ് പ്രധാന സ്ഥലങ്ങളിലുമൊക്കെ ആരോഗ്യ വകുപ്പിന്റെ ആംബുലൻസുകൾ സജ്ജമാക്കി 470 തീർത്ഥാടകർക്ക് സേവനം ലഭ്യമാക്കിയിരുന്നു. കനിവ് 108 ആംബുലൻസുകൾ വഴി 363 തീർത്ഥാടകർക്കാണ് സേവനമെത്തിച്ചത്. ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന റെസ്‌ക്യു വാൻ, പമ്പയിൽ വിന്യസിച്ച ഐ.സി.യു ആംബുലൻസ്, ബൈക്ക് ഫീഡർ ആംബുലൻസ് എന്നിവയടങ്ങുന്ന റാപിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് വാഹനങ്ങളും ഏഴ് കനിവ് 108 ആംബുലൻസുകളും സജ്ജമാക്കിയിരുന്നു. 31 പേർക്ക് ബൈക്ക് ഫീഡർ ആംബുലൻസിന്റെ സേവനവും 27 പേർക്ക് ഐ.സി.യു ആംബുലൻസിന്റെ സേവനവും 155 തീർത്ഥാടകർക്ക് മറ്റ് കനിവ് 108 ആംബുലൻസുകളുടെ സേവനവും നൽകിയിരുന്നു.

NO COMMENTS

LEAVE A REPLY