ഹിസംപാത വെടിഞ്ഞ് സി.പി.എമ്മും ബിജെ.പിയും നവോത്ഥാന നായകന്മാരെ അനുസ്മരിക്കണം : വി.എം.സുധീരന്‍

194

നവോത്ഥാന നായകന്മാരെ അനുസ്മരിക്കാനും അവരുടെ സന്ദേശം പ്രചരിപ്പിക്കാനും മത്സരിക്കുന്ന സി.പി.എമ്മും ബി.ജെ.പി.യും ആദ്യം ചെയ്യേണ്ടത് ആളെക്കൊല്ലുന്ന രാഷ്ട്രീയം അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.163-ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ അദ്ധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചട്ടമ്പിസ്വാമി, ശ്രീനാരായണ ഗുരു, ഉള്‍പ്പെടെയുള്ള നവോത്ഥാന നായകര്‍ അഹിംസയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും വക്താക്കളായിരുന്നു. നവോത്ഥാന നായകന്മാരുടെ ചിത്രങ്ങള്‍ ഉയര്‍ത്തി അവരോടുള്ള ആദരവ് പ്രകടിപ്പിക്കുന്നത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ സി.പി.എമ്മും ബി.ജെപിയും കൊലപാതക, അക്രമരാഷ്ട്രീയം അവസാനിപ്പിക്കണം. സാമൂഹ്യ പരിഷ്‌കര്‍ത്താക്കളായിട്ടുള്ള നവോത്ഥാന നായകന്മാരെ അനുസ്മരിക്കുന്നവര്‍ അവരുടെ ആദര്‍ശങ്ങളോട് നീതി പുലര്‍ത്തേണ്ടത് ആവശ്യമാണ്.

കേരളത്തിന്റെ സാമൂഹിക വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും കളമൊരുക്കിയത് ചട്ടമ്പിസ്വാമിയുള്‍പ്പെടെയുള്ള നവോത്ഥാന നായകന്മാരുടെ പ്രവര്‍ത്തനഫലമായാണ്. നവോത്ഥാന നായകന്മാര്‍ ഇളക്കിമറിച്ച മണ്ണിലാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ രൂപമെടുത്തത്. സ്വാതന്ത്ര്യസമര ദാഹം ജനങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് നവോത്ഥാന നായകന്മാരുടേത്.
രാഷ്ട്രീയ സമൂഹം വഴിതെറ്റുമ്പോള്‍ അവര്‍ക്ക് കൃത്യമായ ദിശാബോധം നല്‍കാന്‍ നവോത്ഥാനനായകന്മാരുടെ മഹത്തായ സന്ദേശങ്ങള്‍ക്ക് കഴിയുമെന്നും സുധീരന്‍ പറഞ്ഞു.
ശ്രീനാരായണ ധര്‍മ്മങ്ങളുടെ പ്രചാരകരായി നില്‍ക്കേണ്ടവര്‍തന്നെ താല്‍ക്കാലിക ലാഭത്തിനുവേണ്ടി അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീയ ശക്തികളുമായി സന്ധിചെയ്യുന്നു. ശ്രീനാരായണ ഗുരുദേവനുമായി ചട്ടമ്പി സ്വാമികള്‍ക്ക് നല്ല ആത്മബന്ധമാണ് ഉണ്ടായിരുന്നത്.
സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ ശക്തമായി ചട്ടമ്പി സ്വാമികള്‍ പ്രതികരിച്ച് സ്വസമൂഹത്തെത്തന്നെ നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. വിയോജിപ്പുള്ളവരെപ്പോലും അദ്ദേഹത്തോട് അടുപ്പിക്കാന്‍ കഴിയുന്ന പ്രവര്‍ത്തന ശൈലിയായിരുന്നു ചട്ടമ്പിസ്വാമിയുടേത്. താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രപ്രവേശനം നിരോധിക്കപ്പെട്ടിരുന്ന സമയത്തുപോലും ചട്ടമ്പി സ്വാമികളുടെ നാട്ടില്‍ ക്ഷേത്രപ്രവേശനത്തിന് അവസരമൊരുക്കിയിരുന്നു. സ്വാമി വിവേകാനന്ദനുമായി ചട്ടമ്പി സ്വാമികളുടെ ആശയവിനിമയത്തിന് ശേഷം അസാധാരണ വ്യക്തിത്വം എന്നാണ് വിവേകാനന്ദ സ്വാമികള്‍ വിശേഷിപ്പിച്ചത്.
പൊതു പ്രവര്‍ത്തകര്‍ക്ക് ശരിയായ മാര്‍ഗ്ഗം കാട്ടിക്കൊടുക്കാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനും നവോത്ഥാനനായകന്മാരുടെ സ്മരണ പ്രചോദനം നല്‍കുമെന്നും സുധീരന്‍ പറഞ്ഞു.
മുന്‍ കെ.പി.സി.സി. പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, എം.എല്‍.എ.മാരായ കെ. മുരളീധരന്‍, വി.എസ്. ശിവകുമാര്‍, കെ.പി.സി.സി. ട്രഷറര്‍ അഡ്വ. ജോണ്‍സണ്‍ എബ്രഹാം, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ പി.എം. സുരേഷ്ബാബു, ശൂരനാട് രാജശേഖരന്‍, ശരത്ചന്ദ്രപ്രസാദ്, മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷ ബിന്ദുകൃഷ്ണ സെക്രട്ടറിമാരായ നെയ്യാറ്റിന്‍കര സനല്‍, മണക്കാട് സുരേഷ് എന്നിവര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY