ദളിത് വിദ്യാര്‍ത്ഥിയ്ക്ക് റാഗിംഗിന്‍റെ പേരില്‍ പീഡനം

196

തിരുവനന്തപുരം: കേരളസര്‍വകലാശാലയില്‍ ബയോ ഇന്‍ഫര്‍മാറ്റിക്സ് വിദ്യാര്‍ഥിയായ ആന്ധ്ര സ്വദേശിയായ പട്ടികജാതി വിദ്യാര്‍ത്ഥിയെ റാഗിങ് എന്ന പേരില്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് പരാതി. കാര്യവട്ടം ക്യാമ്പസിലെ ഒന്നാംവര്‍ഷ എം.എസ്സി വിദ്യാര്‍ത്ഥി രാജേഷ്ബാബുവാണ് യു.ജി.സിയുടെ ഹെല്‍പ്പ്ലൈനില്‍ പരാതിപ്പെട്ടത്. യു.ജി.സിയുടെ നിര്‍ദ്ദേശപ്രകാരം രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ എം.എ.ലിംഗ്വിസ്റ്റിക്സ് വിദ്യാര്‍ത്ഥി രാഹുല്‍ ജി.ദേവിനെ വൈസ്ചാന്‍സലര്‍ സസ്പെന്‍ഡ് ചെയ്തു. പരാതി കഴക്കൂട്ടം അസി.കമ്മിഷണര്‍ക്ക് കൈമാറും. പി.ജി മെന്‍സ് ഹോസ്റ്റലില്‍ ലുങ്കി ധരിച്ചു മാത്രമേ നില്‍ക്കാവൂ എന്നാണ് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നതെന്നും ലുങ്കി ഉടുക്കാന്‍ അറിയാത്ത തന്നെ അടിവസ്ത്രം ധരിപ്പിച്ച്‌ നിറുത്തുന്നുവെന്നും രാജേഷിന്റെ പരാതിയിലുണ്ട്. ഹോസ്റ്റലിലെ മെസില്‍ നിന്ന് ഭക്ഷണം വേണമെങ്കില്‍ കാമ്ബസില്‍ പോയി വിറക് ശേഖരിച്ചു കൊണ്ടുവരണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതുപ്രകാരം വിറകൊടിക്കാന്‍ പോയ തന്റെ കൈയില്‍ മുള്ളു കൊണ്ട് മുറിവുണ്ടായി. ഹോസ്റ്റലില്‍ ഒറ്റമുറി തനിക്കായി അനുവദിച്ചിട്ടുണ്ടെങ്കിലും രാത്രിയില്‍ ഒരുസംഘം എത്തി മുറിയില്‍ കിടക്കും. മലയാളം അറിയാത്ത തന്നെ പച്ചത്തെറി വിളിക്കുന്നതായി മറ്റുവിദ്യാര്‍ത്ഥികള്‍ പറഞ്ഞറിഞ്ഞു. റാഗിംഗ് ഭയന്ന് സഹപാഠികള്‍ ഹോസ്റ്റലില്‍ നില്‍ക്കുന്നില്ലെന്നും പരാതിയിലുണ്ട്. സര്‍വകലാശാലയ്ക്ക് പരാതിനല്‍കും മുന്‍പ് യു.ജി.സിക്കാണ് രാജേഷ് പരാതി അയച്ചത്. പരാതിയുടെ പകര്‍പ്പ് സഹിതം, സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ യു.ജി.സി രജിസ്ട്രാറോട് നിര്‍ദ്ദേശിക്കുകയായിരുന്നു. റാഗിംഗ് നടന്നതായും രാഹുലിന്റെ പേരുമാത്രമേ രാജേഷിന് അറിയുള്ളൂവെന്നും രജിസ്ട്രാര്‍ കണ്ടെത്തി. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താന്‍ ജോയിന്റ് രജിസ്ട്രാര്‍ ദിലീപിന് വി.സി നിര്‍ദ്ദേശം നല്‍കി. റാഗിംഗ് വിരുദ്ധനിയമപ്രകാരം രജിസ്ട്രാര്‍ പ്രാഥമിക അന്വേഷണം നടത്തിയശേഷം പരാതി പോലീസിന് കൈമാറണം. പരാതിയില്‍ കൈക്കൊണ്ട നടപടികള്‍ യു.ജി.സിയെ അറിയിച്ചിട്ടുണ്ടെന്ന് സര്‍വകലാശാല അറിയിച്ചു.

NO COMMENTS

LEAVE A REPLY