ഭരണഭാഷാവാരാചരണം – കേരളത്തെ അറിഞ്ഞ് ക്വിസ് മത്സരം

141

കോഴിക്കോട് : നെഹ്‌റു ട്രോഫി വള്ളംകളി ഏത് കായലിലാണ് നടക്കുന്നത്, ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷന്‍ എവിടെയാണ്, കേരളത്തിലെ കാടുകളില്ലാത്ത ജില്ല ഏത്, ചോദ്യങ്ങള്‍ ചോദിച്ച് തീരും മുമ്പേ ഉത്തരങ്ങളുമായി വിദ്യാര്‍ത്ഥികള്‍ തയ്യാറായി. ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് ചേളന്നൂര്‍ എ.കെ.കെ.ആര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരം വിദ്യാര്‍ത്ഥികള്‍ അറിവിന്റെ ആഘോഷമാക്കി മാറ്റി.

വിവിധ സ്‌കൂളുകളിലെ യുപി ക്ലാസുകളിലെ 14 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. വിദ്യാര്‍ഥികള്‍ ആത്മവിശാസത്തോടെ ചോദ്യങ്ങളെ നേരിട്ടു. കേരളം, ചരിത്രം, സാഹിത്യം, സാംസ്‌കാരം തുടങ്ങിയ മേഖലകളില്‍ നിന്നുമുള്ള ചോദ്യങ്ങള്‍ മൂന്ന് റൗണ്ടുകളിലായാണ് ചോദിച്ചത്. മലയാളിയായ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്, കൃഷ്ണഗിരി സ്റ്റേഡിയം ഏത് ജില്ലയില്‍ എന്ന ചോദ്യങ്ങള്‍ മത്സരാര്‍ത്ഥികളെ കുറച്ച് കുഴക്കിയെങ്കിലും ഉത്തരം അവര്‍ക്കിടയില്‍ നിന്ന് തന്നെ ലഭിച്ചു. വീറും വാശിയും ഒട്ടുംചോരാതെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ വിദ്യാര്‍ത്ഥികള്‍ മത്സരിച്ചു. നല്ല പോരാട്ടം കാഴ്ചവച്ച മത്സരാര്‍ത്ഥികളും ആവേശോജ്ജ്വലമായ പിന്‍തുണയോടെ സദസ്സും മികച്ച ചോദ്യാവതരണ ശൈലിയുമായി ചോദ്യകര്‍ത്താവും മത്സരം രസകരമാക്കി. മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ മധുസൂദനന്‍ കര്‍ത്തയാണ് മത്സരം നിയന്ത്രിച്ചത്.

മത്സരത്തില്‍ കക്കോടി പഞ്ചായത്ത് യു.പി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥികളായ എ.പി ശ്രീരാഗ്, ബി അഭിറാം എന്നിവര്‍ ഒന്നാം സ്ഥാനവും തൃക്കുറ്റിശ്ശേരി ഗവണ്‍മെന്റ് യുപി സ്‌കൂള്‍ ഏഴാം തരം വിദ്യാര്‍ത്ഥികളായ ജി.ആര്‍ യദുനാഥ്, അദ്വൈത് കൃഷ്ണ രണ്ടാം സ്ഥാനവും വടകര എസ്.എന്‍.എം എസ്.ബി സ്‌കൂള്‍ ആറാംതരം വിദ്യാര്‍ഥികളായ എം.എസ് ജയനാഥന്‍, കെ.ടി അമിത് ജ്യോതി മൂന്നാംസ്ഥാനവും നേടി. പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കി.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ കല മത്സരം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം.ഒ നസീര്‍ അധ്യക്ഷത വഹിച്ചു. ചേളന്നൂര്‍ എ.കെ.കെ.ആര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കക്കോടി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മേലാല്‍ മോഹനന്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പാള്‍ കെ മനോജ് കുമാര്‍, ഹെഡ്മിസ്ട്രസ് ടി.വി അനിത, ഹയര്‍ സെക്കന്‍ഡറി സീനിയര്‍ സ്റ്റാഫ് എം.എന്‍ ഷീജ, അധ്യാപകന്‍ വി.കെ രാജേഷ്, പിടിഎ വൈസ് പ്രസിഡന്റ് എ.പി ദേവാനന്ദന്‍, എംപിടിഎ പ്രസിഡന്റ് കെ പ്രസീത തുടങ്ങിയവര്‍ സംസാരിച്ചു.

ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ജില്ലയില്‍ നടക്കുന്നത്. ഇന്ന്(നവംബര്‍ 7) ഏഴിന് ഉച്ചയ്ക്ക് 2 മണിക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മലയാളം പ്രശ്‌നോത്തരി മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ജില്ലയിലെ സ്‌കൂള്‍, കോളേജ് അധ്യാപകര്‍ ഒഴികെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

NO COMMENTS