ലോകമാണ് മലയാളികളുടെ നാട്, ഒന്നിപ്പിക്കുന്നത് ഭാഷ: എം മുകുന്ദന്‍ ഭരണഭാഷാ സെമിനാര്‍ സംഘടിപ്പിച്ചു

95

കണ്ണൂർ :: ലോകമാണ് മലയാളികളുടെ നാടെന്നും അവരെ ഒന്നിപ്പിക്കുന്നത് ഭാഷയാണെന്നും എഴുത്തുകാരന്‍ എം മുകുന്ദന്‍. മാതൃഭാഷയില്‍ നിന്നുകൊണ്ടുമാത്രമെ ഏതൊരാള്‍ക്കും സ്വത്വം നിലനിര്‍ത്താനാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി വിവര പൊതുജന സമ്പര്‍ക്ക വകുപ്പും ജില്ലാ ആസൂത്രണ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മയ്യഴിയുടെ കഥാകാരന്‍.

കേരളമാണ് മലയാളിയുടെ നാട് എന്ന് പറയാനാവില്ല. കാരണം ലോകത്തിന്റെ എല്ലാ ഭാഗത്തും മലയാളികളുണ്ട്. അവരെ ഒന്നിച്ച് നിര്‍ത്തുന്നത് മാതൃഭാഷയാണ്. മാതൃഭാഷയെക്കുറിച്ച് അഭിമാനം ഉണ്ടാകണമെന്നും ഭാഷക്കുള്ളിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാള ഭാഷയില്ലെങ്കില്‍ ശ്രീനാരായണ ഗുരുവും അടൂരും ബഷീറും ഒവി വിജയനും ഉണ്ടാകില്ല. ഭാഷ മരിക്കുന്നതോടെ നമ്മുടെ സംസ്‌കാരം തന്നെ ഇല്ലാതാകും. ചിന്തിക്കാനും സ്വപ്‌നം കാണാനും മാതൃഭാഷ തന്നെ വേണം.

മാതൃഭാഷയിലൂടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച രാജ്യങ്ങള്‍ ഉണ്ട്. റഷ്യ, ജപ്പാന്‍ പോലുള്ള രാജ്യങ്ങള്‍ സാങ്കേതിക വിപ്ലവം സാധ്യമാക്കിയത് അവരുടെ മാതൃഭാഷയിലൂടെയാണ്. എന്നാല്‍ മലയാളിക്ക് ഇപ്പോഴും ഭാഷ ബോധം കുറവാണ്. അത് പരിഹരിച്ച് മലയാളത്തില്‍ ഊന്നിക്കൊണ്ട് തന്നെ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക് കഴിയണം. അടുത്ത കാലത്ത് ഭാഷക്കുണ്ടായ ഉണര്‍വ്വ് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലീഷ് സംസാരിക്കുന്നത് ഉന്നതശ്രേണിയിലുള്ളവരാണ് എന്ന തെറ്റായ ധാരണ സമൂഹത്തിലുണ്ട്. കൊളോണിയ ലിസത്തിന്റെ ഭാഗമായുണ്ടായ ചിന്തയല്ലിത്. ദരിദ്ര കുടുംബങ്ങള്‍ സാമ്പത്തിക പുരോഗതി കൈവരിക്കുകയും മധ്യവര്‍ഗത്തിലേക്ക് ഉയരുകയും ചെയ്തതോടെയാണ് ഇത്തരമൊരു ചിന്ത ശക്തിയാര്‍ജ്ജിച്ചത്. അത് തിരുത്തണം. എന്നാല്‍ ഇംഗ്ലീഷ് ഭാഷയെ ഇക്കാലത്ത് മാറ്റിനിര്‍ത്താനുമാകില്ല. ഐ ടി രംഗത്ത് നാം നേട്ടങ്ങള്‍ കൈവരിച്ചത് ഇംഗ്ലീഷിലൂടെയാണ്. മലയാളത്തില്‍ സിവില്‍ സര്‍വീസ് എഴുതി വിജയിച്ചവര്‍ നമുക്ക് ചുറ്റുമുണ്ട്. മാതൃഭാഷയെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും എന്നാല്‍ അത് ഭാഷാ തീവ്രവാദമായി മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണഭാഷ ജനകീയ മലയാളമായി മാറണമെന്നും പറയുന്ന കാര്യങ്ങള്‍ സാധാരണക്കാരന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുമ്പോള്‍ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അധികാരം ഭാഷ ജനാധിപത്യം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി ജെ വിന്‍സെന്റ് അഭിപ്രായപ്പെട്ടു. ഉപയോഗ മൂല്യം ഉണ്ടെങ്കിലേ ഏത് ഭാഷയ്ക്കും നിലനില്‍പ്പുള്ളൂ. ജനകീയ മലയാളം നഷ്ടപ്പെട്ടിടത്താണ് മലയാളി മലയാളത്തെ കൈവിട്ടതെന്നും അദ്ദേഹം പറഞ്ഞു. തമിഴിനേക്കാളും ഒരു പക്ഷെ സംസ്‌കൃതത്തെക്കാളും പാരമ്പര്യം അവകാശപ്പെടാവുന്ന ഭാഷയാണ് മലയാളം. ബ്രിട്ടീഷുകാര്‍ സാമ്രാജ്യത്ത ശക്തിയായി വളര്‍ന്നതും വിവിധ മേഖലകളില്‍ പുരോഗതി നേടിയതുമെല്ലാം ഇംഗ്ലീഷിലൂടെയല്ല, ലാറ്റിന്‍ ഭാഷയുടെ പിന്‍ബലത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ചടങ്ങില്‍ ആസൂത്രണ സമിതി ചെയര്‍മാന്‍ കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. എഡിഎം ഇ പി മേഴ്സി മുഖ്യാതിഥിയായി. ആസൂത്രണ സമിതി അംഗങ്ങളായ കെ പി ജയബാലന്‍, സുമിത്ര ഭാസ്‌കരന്‍, അജിത്ത് മാട്ടൂല്‍, കെ വി ഗോവിന്ദന്‍, പിആര്‍ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ പി അബ്ദുള്‍ ഖാദര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS