പാലിയേറ്റീവ് ദിനാചരണം – കുമ്പളയില്‍ കിടപ്പു രോഗികള്‍ക്ക് ഭക്ഷ്യകിറ്റും പുതപ്പും നല്‍കി

25

കാസറകോട് : കുമ്പള സി.എച്ച്.സി, ആരിക്കാടി പി.എച്ച്.സിയുടെ ആഭിമുഖ്യത്തില്‍ കിടപ്പു രോഗികള്‍ക്ക് ഭക്ഷ്യകിറ്റും, പുതപ്പും, പ്രോട്ടീന്‍ പൗഡറും നല്‍കി പാലിയേറ്റീവ് ദിനം ആചരിച്ചു. ഗ്രാമ പഞ്ചായത്തില്‍ 568 പാലിയേറ്റീവ് രോഗികളില്‍ 156 കിടപ്പു രോഗികള്‍ക്കും 126 കാന്‍സര്‍ രോഗികള്‍ക്കും ഡയാലിസിസ് ചെയ്യുന്ന 16 പേര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ സംഭരിച്ച സാധനങ്ങള്‍ രോഗികളുടെ വീടുകളില്‍ എത്തിച്ചു നല്‍കും.

കുമ്പള സി.എച്ച്.സിയിലെ ജീവനക്കാര്‍, മൊഗ്രാല്‍ ദേശീയവേദി, കുമ്പള വ്യാപാരി വ്യവസായി, ക്യാരിഫ്രഷ് തുടങ്ങിയ വ്യക്തികളും സംഘടനകളുമാണ് രോഗികള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ നല്‍കിയത്. കുമ്പള സി.എച്ച്.സിയില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ ഉദ്ഘാടനം ചെയ്തു.

ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പ്രേമാവതി അദ്ധ്യക്ഷത വഹിച്ചു. ബി ബി അഷറഫ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ദിവാകരറൈ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, ആരിക്കാടി മെഡിക്കല്‍ ഓഫീസര്‍ ഡോ. സുബ്ബഗട്ടി, പി.എച്ച്.എന്‍ സൂപ്പര്‍വൈസര്‍ ജൈനമ്മ തോമസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുര്യക്കോസ് ഈപ്പന്‍, പാലിയേറ്റീവ് നഴ്‌സുമാരായ സ്മിതമോള്‍ സെബാസ്റ്റ്യന്‍, കലാവതി എന്നിവര്‍ പ്രസംഗിച്ചു.

NO COMMENTS