പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത

24

ആലപ്പുഴയിൽ 2 സ്ഥലങ്ങളിലെ താറാവുകളിൽ പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ (എച്ച്5 എൻ1) കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പക്ഷിപ്പനി പ്രതിരോധത്തിനായി എസ്.ഒ.പി. പുറത്തിറക്കി. ഇതുകൂടാതെ ജില്ലാ കളക്ടറും യോഗം ചേർന്ന് നടപടികൾ സ്വീകരിച്ചു വരുന്നു. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻ കരുതലുകൾ സ്വീകരിക്കണം.

2023ലെ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപടി സ്വീകരിക്കാൻ നിർദേശം നൽകി. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും രണ്ടാഴ്ചക്കാലം പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശത്തിന്റെ 3 കിലോ മീറ്റർ ചുറ്റളവിൽ ഫീവർ സർവേ നടത്തുകയും പനിയുള്ളവരിലെ തൊണ്ടയിലെ സ്രവമെടുത്ത് പരിശോധിച്ച് പക്ഷിപ്പനിയല്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. ആശാ പ്രവർത്തകരുടേയും ഫീൽഡ്തല ജീവനക്കാരുടേയും നേതൃത്വത്തിൽ ഫീൽഡ്തല പ്രവർത്തനങ്ങൾ ശക്തമാക്കും. പക്ഷിപ്പനി ബാധിച്ച പക്ഷികളുമായി ഇടപെട്ടവർ ക്വാറന്റൈൻ കൃത്യമായി പാലിക്കണം. ഈ പ്രദേശത്തിന് 10 കിലോ മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തും. ഏതെങ്കിലും തരത്തിലുള്ള പക്ഷി മരണങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യണം. വൺ ഹെൽത്ത് പരിശീലനം ലഭിച്ച വോളണ്ടിയർമാരുടെ സേവനവും ലഭ്യമാക്കും.

ഏതെങ്കിലും സാഹചര്യത്തിൽ മനുഷ്യരിൽ പക്ഷിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നെങ്കിൽ ഐസൊലേഷൻ സെന്ററായി ആലപ്പുഴ ജനറൽ ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് റെഡ് സോണിൽ നിന്നും വരുന്ന ഫീവർ കേസുകൾ നേരിട്ട് ജനറൽ ഒ.പി യിൽ വരുന്നതിന് പകരം ആരോഗ്യവകുപ്പ് ജീവനക്കാരെ മുൻകൂട്ടി അറിയിച്ച് ഇതിനായി സജ്ജമാക്കിയ പ്രത്യേക ഒ.പി. സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.

പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ഗുരുതര കേസുകളുണ്ടായാൽ ചികിത്സിക്കാനായി ആലപ്പുഴ മെഡിക്കൽ കോളേജിൽ സൗകര്യമൊരുക്കും. സുപ്രണ്ടിന്റെ നേതൃത്വത്തിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിക്കാൻ നിർദേശം നൽകി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു നോഡൽ ഓഫീസറെ നിയമിക്കും. ഈ പ്രദേശത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സർവൈലൻസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള പൂർണമായ ചുമതല അതാത് ആരോഗ്യ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർക്കായിരിക്കും. ഇത്തരം പ്രദേശങ്ങളിൽ ആവശ്യമായ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തേണ്ടതാണ്.

ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും പിപിഇ കിറ്റ്, ഒസൽറ്റാമിവിർ എന്നിവയുടെ സ്റ്റോക്ക് ഉറപ്പാക്കണം. പക്ഷികളുമായി ഇടപെട്ടവർക്കോ, നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കോ, കർഷകർക്കോ ഏതെങ്കിലും തരത്തിലുള്ള പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആശുപത്രിയിലേക്ക് മാറ്റാനായി പ്രത്യേക ആംബുലൻസ് സൗകര്യം ഉപയോഗിക്കേണ്ടതാണ്. അടിയന്തിര സഹായങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസിലെ നമ്പറിൽ (0477 2251650) ബന്ധപ്പെടുക.

NO COMMENTS

LEAVE A REPLY