പാലക്കാട് ബ്രുസല്ലോസിസ് രോഗം മനുഷ്യരിലേക്കും പകര്‍ന്നു

196

ജന്തുജന്യ രോഗമായ ബ്രുസല്ലോസിസ് മനുഷ്യരിലേക്കും പടര്‍ന്നിരുന്നെന്ന് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. മൂന്ന് മാസത്തിനിടയില്‍ പാലക്കാട് നാല് പേരാണ് രോഗം ബാധിച്ച്‌ ചികിത്സ തേടിയത്. 80 കന്നുകാലികള്‍ക്ക് രോഗബാധ കണ്ടെത്തിയ തിരുവിഴാംകുന്നിന് സമീപത്തെ അലനല്ലൂരിലാണ് ബ്രുസല്ലോസിസ് സ്ഥിരീകരിച്ച ഒരാള്‍.
രോഗം ബാധിച്ച മൃഗങ്ങളുമായുള്ള സമ്ബര്‍ക്കത്തിലൂടെയോ, വായുവിലൂടെയോ, രോഗാണുവാഹിയായ മൃഗത്തിന്റെ മാംസവും പാലും വേവിക്കാതെ ഉപയോഗിക്കുന്നതിലുടെയോ ആണ് രോഗം മനുഷ്യരിലേക്ക് പടരുക. ഇക്കഴിഞ്ഞ ജൂണിലാണ് രോഗ ലക്ഷണങ്ങളോടെ നാലുപേര്‍ ചികിത്സ തേടിയത്. തുകല്‍ ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന തത്തമംഗലം സ്വദേശി, ചിറ്റൂര്‍ പൊല്‍പ്പള്ളി സ്വദേശിയായ യുവതി , അലനല്ലൂര്‍, പാലക്കാട് സ്വദേശികളായ രണ്ട് പേര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.വിട്ടുവിട്ടുള്ള പനിയും സന്ധിവേദനയും കണ്ടതിനെത്തുടര്‍ന്ന് നടത്തിയ രക്ത പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരാന്‍ സാധ്യത കുറവാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. രോഗബാധയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതോടെ ഫാം ജീവനക്കാര്‍ക്കും സമീപവാസികള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വെറ്റിനറി സര്‍വകലാശാലക്ക് കീഴിലുള്ള മണ്ണാര്‍ക്കാട്ടെ തിരുവിഴാംകുന്ന് ഫാമില്‍ 80 ലേറെ മൃഗങ്ങള്‍ക്ക് രോഗബാധ കണ്ടെത്തിയിട്ട് മാസങ്ങളായെങ്കിലും, അധികൃതര്‍ നടപടിയെടുക്കാതെ മൂടിവയ്ക്കുകയായിരുന്നെന്നാണ് പരാതി.

NO COMMENTS

LEAVE A REPLY