പാർട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ ചർച്ചചെയ്യാൻ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്ന് ഡൽഹിയില്‍

167

ന്യൂഡൽഹി∙ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ ചർച്ചചെയ്യാൻ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്ന് ഡൽഹിയിലെത്തും. പുനഃസംഘടനയും സംഘടനാ തിരഞ്ഞെടുപ്പും ഒരുമിച്ച് വേണ്ടെന്ന അഭിപ്രായമാണ് ഇരുനേതാക്കൾക്കും. എന്നാൽ ഈ അഭിപ്രായം ഹൈക്കമാൻഡ് അംഗീകരിക്കാൻ ഇടയില്ല. ഐക്യത്തോടെ പ്രവർത്തിക്കണമെന്ന കർശന നിർദ്ദേശവും കേന്ദ്രനേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും.

പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ ഇടപെടലുണ്ടാകുമെന്ന സൂചനയാണ് കേന്ദ്രനേതൃത്വം നൽകുന്നത്. ഇതിന് നേതൃത്വത്തിലെ തലമുറമാറ്റം ഉൾപ്പെടെ ഹൈക്കമാൻഡിന്റെ പരിഗണനയിലുണ്ടെന്ന മുന്നറിയിപ്പാണ് കഴിഞ്ഞദിവസം മുതിർന്ന നേതാവ് എ.കെ.ആന്റണിയിൽനിന്ന് ഉണ്ടായത്. കോൺഗ്രസ് ദുർബലമായതോടെയാണ് മുന്നണി ദുര്‍ബലമായത്. കേരളാ കോൺഗ്രസിന്റെ വിട്ടുപോകലും ചർച്ചയിൽ വരും. ലീഗ് ഉൾപ്പെടെയുള്ള ഘടകക്ഷികളുടെ വിമർശനവും രൂക്ഷമാകുകയാണ്. അതിനാൽ ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന നിർദ്ദേശം ഹൈകമാൻഡ് നൽകും. പുനഃസംഘടന വേണമെന്ന തീരുമാനത്തിൽ മാറ്റമുണ്ടാകില്ല. മുതിർന്നനേതാക്കൾക്കും യുവാക്കൾക്കും പ്രാതിനിധ്യമുള്ള പുതിയ രാഷ്ട്രീയകാര്യ സമിതി ഇതിനായി നിലവിൽവരും.

ഇക്കാര്യത്തിൽ ‍ പാർട്ടി ഉപാധ്യക്ഷൻ രാഹുൽഗാന്ധി ഉറച്ച നിലപാടിലാണ്. ഇതേത്തുടർന്ന് സമിതിയിലേക്കില്ലെന്ന നിലപാടിൽ ഉമ്മൻചാണ്ടി അയവുവരുത്തിയിരുന്നു. കൂടാതെ എ, ഐ ഗ്രൂപ്പുകൾ സമിതിയിലേക്കുള്ള പേരുകളും നൽകിയിട്ടുണ്ട്. ഇവയിൽ എല്ലാം അംഗീകരിക്കാനിടയില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, എല്ലാ വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തുകയും ചെയ്യും.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് വി.എം.സുധീരനെ മാറ്റണമെന്ന നിലപാടിൽ ഇരുഗ്രൂപ്പുകൾക്കും ഒരേ നിലപാടാണ്. എന്നാൽ, ഉടനെയൊന്നും ഹൈക്കമാൻഡ് ഈ ആവശ്യത്തിനു വഴങ്ങില്ല. ഡൽഹിയിലെ ചർച്ചകളിൽ ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും അഭിപ്രായങ്ങളെ പൂർണ്ണമായും അവഗണിക്കാതെ തന്നെ ഐക്യം എന്ന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ച നിലപാടെടുക്കാനാണ് സാധ്യത.

NO COMMENTS

LEAVE A REPLY