വി.എസ് അച്യുതാനന്ദനെ ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനാക്കിയതാണ് കൊട്ടിഘോഷിക്കാവുന്ന നേട്ടമെന്ന് ഉമ്മന്‍ ചാണ്ടി

138

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെ ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനാക്കിയതാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ 100 ദിവസത്തെ ഭരണത്തില്‍ കൊട്ടിഘോഷിക്കാവുന്ന നേട്ടമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാധ്യമസെക്രട്ടറിയും മാധ്യമ ഉപദേഷ്ടാവുമുണ്ടായിട്ടും മുഖ്യമന്ത്രിയും മാധ്യമങ്ങളുമായുള്ള അകലം കൂടിക്കൊണ്ടിരിക്കുകയാണ്. മദ്യനയത്തില്‍ തിരുത്തല്‍ വരുത്താനും മദ്യവ്യാപാരികളെ സഹായിക്കാനും ഒളിഞ്ഞും തെളിഞ്ഞും നീക്കം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സ്വാശ്രയ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ കഴിഞ്ഞതവണ നാമമാത്രമായി ഫീസ് വര്‍ധിപ്പിച്ചപ്പോള്‍ സമരം ചെയ്തവരാണ് ഇപ്പോള്‍ ക്രമാതീതമായി ഫീസ് കൂട്ടിയത്.
അതുകൊണ്ട് മുന്‍കാല സമരങ്ങള്‍ തെറ്റായിപ്പോയെന്ന് തുറന്നുപറയാന്‍ അവര്‍ തയാറാകണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. അന്ന് കുറഞ്ഞ ഫീസിന് ഒത്തുതീര്‍പ്പുണ്ടാക്കിയപ്പോള്‍ സമരം നടത്തിയവരാണ് ഇപ്പോള്‍ ഉയര്‍ന്ന ഫീസിന് അംഗീകാരം കൊടുത്തത്.
യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികള്‍ തുടരാനുള്ള ഈ സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. നല്ലത് ചെയ്താല്‍ യു.ഡി.എഫ് സഹകരിക്കും, പിന്തുണക്കും. റെയില്‍വേയുമായി ഒപ്പുവച്ച കരാര്‍ തുടരുന്നത് സ്വാഗതാര്‍ഹമാണ്. സ്റ്റുഡന്റ്സ് എന്റര്‍പ്രണഷിപ്പ് പദ്ധതി തുടരാനുള്ള തീരുമാനവും സ്വാഗതം ചെയ്യുന്നു. എന്നാല്‍ യു.ഡി.എഫ് തുടക്കമിട്ട മലയോര ഹൈവേ ഉപേക്ഷിക്കരുത്. ആ പദ്ധതിയില്‍ നിന്ന് പിന്നാക്കം പോയത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.