പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കി

212

പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കി. ലോകായുക്തയിൽ പരിഗണനയിലുള്ള കേസായാലും വിജിലൻസിന് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ തടസ്സമില്ലെന്ന് വീണ്ടും നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് വിജിലൻസ് കേസെടുത്തത്.കേസ് രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വാദങ്ങള്‍ തള്ളിയാണ് നിയമോപദേശം. പാറ്റൂരിലെ സർക്കാർ ഭൂമി സ്വകാര്യ കമ്പനിക്ക് ഫ്ലാറ്റ് നിർമ്മാണത്തിന് ചട്ടങ്ങള്‍ ലംഘിച്ച് കൈമാറിയെന്നാണ് ആരോപണം. ഉമ്മൻ ചാണ്ടി, ഭരത് ഭൂഷൻ, സ്വകാര്യകമ്പനി ഉടമ എന്നിവരെ പ്രതിയാക്കി കേസെടുക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദനാണ് തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചത്. സമാനമായ പരാതി ലോകായുക്തയിലുള്ളതിനാൽ കേസെടുക്കാൻ ആകില്ലെന്നായിരുന്നു കോടതിയിൽ നേരിട്ട് ഹാജരായി അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചത്. പ്രാഥമിക അന്വേഷണം ആരംഭിച്ചതായും വിജിലൻസ് കോടതിയെ അറിയിച്ചു. കൈയേറ്റം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. കോടതിയിൽ നിന്നും വിമർശനമേറ്റ സാഹചര്യത്തിലാണ് വിജിലൻസ് നിയമോപദേശകരോട് അഭിപ്രായം ആരാഞ്ഞത്. കേസ് രജിസ്റ്റ‍ര്‍ ചെയ്യുന്നതിൽ നിയമതടസ്സമില്ലെന്നാണ് നിയമോപദേശകർ കൂട്ടായി തീരുമാനിച്ച് ഡയറക്ടര്‍ക്ക് റിപ്പോർട്ട് നൽകി. അഡ്വേക്കേറ്റ് ജനറലും ഇതേ നിയമപദേശം നേരത്തെ നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വൈകാതെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.

NO COMMENTS

LEAVE A REPLY