സംസ്ഥാനത്ത് ക്രമസാധാന നില തകര്‍ന്നുവെന്ന് രമേശ് ചെന്നിത്തല

256

സംസ്ഥാനത്ത് ക്രമസാധാന നില തകര്‍ന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ക്രമസമാധാനനില തകര്‍ന്നതിന്റെ ഉദാഹരണമാണ് സിനിമ താരത്തിനു നേരെയുണ്ടായ ഗുണ്ടാ ആക്രമണം. ഗുണ്ടാ മാഫിയാ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വന്തം മണ്ഡലമായ ഹരിപ്പാട്ട് നടത്തുന്ന സത്യാഗ്രഹം തുടരുകയാണ്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ടും സമീപമണ്ഡലമായ കായംകുളത്തും പത്തു ദിവസത്തിനിടെ മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. ഒപ്പം സംസ്ഥാനത്ത് ക്വട്ടേഷന്‍ ആക്രമണങ്ങളും സ്‌ത്രീകള്‍ക്കെതിരായ ആക്രമണവും വ്യാപകമായി. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്വന്തം മണ്ഡലമായ ഹരിപ്പാട്ട് 12 മണിക്കൂര്‍ സത്യാഗ്രഹം അനുഷ്‌ഠിക്കുന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ക്രമസമാധാനനില തകര്‍ന്നതിന്റെ ഉദാഹരണമാണ് സിനിമ താരത്തിനു നേരെ കൊച്ചിയില്‍ ഉണ്ടായ ഗുണ്ടാ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുണ്ടായ 13 രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ നാല് എണ്ണവും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ്. സ്‌ത്രീ സുരക്ഷയുടെ പേരില്‍ വോട്ട് നേടി അധികാരത്തില്‍ എത്തിയ ഇടതു മുന്നണി സര്‍ക്കാരിനു കീഴില്‍ സ്‌ത്രീ സുരക്ഷിതയല്ല. അതിനുള്ള ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കൊച്ചിയില്‍ സിനിമ താരത്തിനു നേരെ ഉണ്ടായ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍ സത്യാഗ്രഹ പരിപാടി ഉദ്ഘാടനം ചെയ്തു. എം പിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, തൃക്കാക്കര എം എല്‍ എ പി ടി തോമസ്, മാവേലിക്കര ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ ഇഗ്നാത്യോസ്, പാളയം ഇമാം വി.കെ.സുഹൈബ് മൗലവി തുടങ്ങിയവര്‍ സത്യാഗ്രഹത്തിന് പിന്‍തുണയുമായി എത്തി.

NO COMMENTS

LEAVE A REPLY