സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു

222

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. അടുത്ത അഞ്ചു ദിവസം പരക്കെ മഴ കിട്ടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ഇതുവരെ ലഭിക്കേണ്ട മഴയുടെ തോതു കുറഞ്ഞു.
ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കുകയാണ്. കനത്ത മഴ ചൊവ്വാഴ്ച രാവിലെ വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. അടുത്ത അഞ്ചു ദിവസം, സംസ്ഥാനത്ത് പരക്കെ മഴ കിട്ടും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്, ഇക്കുറി മഴയുടെ അളവ് കുറഞ്ഞെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാലവര്‍ഷം തുടങ്ങിയ ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ 118 സെന്റിമീറ്റര്‍ മഴകിട്ടേണ്ട സ്ഥാനത്ത്, രേഖപ്പെടുത്തിയത് 89 സെ. മീറ്റര്‍ മാത്രമാണ്. അതായത് 20 ശതമാനത്തിന്റെ കുറവ്. എന്നാല്‍ വ്യതിയാനത്തില്‍ ആശങ്ക വേണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിലപാട്. അടുത്ത രണ്ട് മാസം കൂടി മണ്‍സൂണ്‍ തുടരും. ഇക്കാലയളവില്‍ മഴയുടെ തോത് സാധാരണ അളവിലെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളില്‍ കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ ജാഗ്രത പാലിക്കണം. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

NO COMMENTS

LEAVE A REPLY