തുർക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിനുപിന്നിൽ പുരോഹിതൻ?

212

ലൊസാഞ്ചൽസ്∙ തുർക്കിയിലെ പട്ടാള അട്ടിമറിശ്രമത്തിനുപിന്നിൽ ആരെന്നത് വ്യക്തമല്ലെങ്കിലും ജനങ്ങളും ഭരണകൂടവും യുഎസ് ആസ്ഥാനമാക്കിയ പുരോഹിതനായ ഫെത്തുല്ല ഗുലെനിലേക്ക് വിരൽചൂണ്ടുന്നു. ‘സമാന്തരമായ സംവിധാന’ത്തിന്റെ പ്രവർത്തനമാണ് അട്ടിമറി ശ്രമമെന്ന് പ്രസിഡന്റ് തയിപ് എർദോഗൻ രാജ്യാന്തരമാധ്യമമായ സിഎന്‍എന്നിനോട് അറിയിച്ചു. നേരത്തേ, ഈ വാക്ക് അദ്ദേഹം ഉപയോഗിച്ചത് യുഎസിലെ പെൻസിൽവാനിയയിൽ കഴിയുന്ന ഫെത്തുല്ല ഗുലെനെക്കുറിച്ചു സംസാരിക്കുമ്പോഴായിരുന്നു.

തുർക്കിയിലെ രണ്ടാമത്തെ ശക്തനായ മനുഷ്യനെന്നാണ് ഗുലെൻ അറിയപ്പെടുന്നത്. യുഎസിൽ പ്രവാസത്തിൽ കഴിയുന്ന ഇദ്ദേഹം ഏകാന്തജീവിതം നയിക്കുന്നയാളാണ്. ഇദ്ദേഹത്തിന്റെ അനുകൂലികളും എർദോഗന്റെ അനുയായികളും തമ്മിലുള്ള അധികാരവടംവലി പലതവണ തെരുവിലേക്കുനീങ്ങിയിട്ടുണ്ട്. ഈ അട്ടിമറി ശ്രമത്തിനുപിന്നിലും ഗുലെനാണെങ്കിൽ തുർക്കിയുടെ ചരിത്രത്തിൽ വലിയ പ്രത്യാഘാതമായിരിക്കും അതുണ്ടാക്കുക.

തുർക്കി പ്രസിഡന്റ് തയിപ് എർദോഗന്റെ അടുത്ത സുഹൃത്തായിരുന്ന ഗുലെൻ കുറച്ചുവർഷങ്ങൾക്കുമുൻപാണ് എർദോഗനുമായി അകന്നത്. മാധ്യമങ്ങളിലും പൊലീസിലും ജു‍‍ഡീഷ്യറിയും ഉൾപ്പെടെ തുർക്കി സമൂഹത്തിൽ ഗുലെന്റെ സ്വാധീനം വർധിച്ചുവരുന്നത് എർദോഗൻ സംശയദൃഷ്ടിയോടെയാണ് കണ്ടത്. 1999ൽ മാതൃരാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടർന്ന് ഗുലെൻ യുഎസിലേക്കു പോകുകയായിരുന്നു.

തുടർന്ന് എഴുപത്തഞ്ചുകാരനായ ഇയാൾ മാധ്യമങ്ങളെ പൂർണമായും ഒഴിവാക്കിയാണ് ജീവിക്കുന്നത്. അഭിമുഖങ്ങൾ ഒഴിവാക്കിയും പൊതുസ്ഥലങ്ങളിൽ വരുന്നതും പരമാവധി ഒഴിവാക്കിയിരുന്നു. വല്ലപ്പോഴും ഇ-മെയിൽ വഴിയാണ് മാധ്യമങ്ങളുമായി വിവരങ്ങൾ കൈമാറിയിരുന്നത്. ഇരുവിഭാഗങ്ങളും തമ്മിലുള്ള അധികാരത്തർക്കം എർദോഗന്റെ മകൻ ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതിയാരോപണങ്ങളായി ഉയർന്നുവന്നിരുന്നു.

ഇതിനെ പ്രതിരോധിക്കാൻ ഗുലെനെ പിന്തുണയ്ക്കുന്ന ഉയർന്ന ഉദ്യോഗസ്ഥരുൾപ്പെടെ നൂറുകണക്കിന് സൈനികരെ പുറത്താക്കിയിരുന്നു. ഗുലെൻ മൂവ്മെന്റ് സംഘടനയായ ഹിസ്മെത്തിന്റെ സ്കൂളുകളും പൂട്ടി. ഗുലെനോട് അനുഭാവ സമീപനം പുലർത്തുന്ന മാധ്യമങ്ങൾക്കെതിരെയും എർദോഗൻ നടപടിയെടുത്തു.
courtesy : manorama online

NO COMMENTS

LEAVE A REPLY