റിയോ ഡി ജനീറോ • ഒളിംപിക്സ് ഫുട്ബോളിന്റെ നോക്കൗട്ടിലെത്താതെ പുറത്താവുകയെന്ന നാണക്കേടില്‍നിന്നു ബ്രസീല്‍ പുരുഷ ഫുട്ബോള്‍ ടീം രക്ഷപ്പെട്ടു. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ഡെന്മാര്‍ക്കിനെ 4-0ന് അവര്‍ കീഴടക്കി.
നെയ്മര്‍ ഗോളടിക്കാത്ത കളിയില്‍, ബ്രസീലിന്റെ പുതിയ ആവേശം ‘ഗാബിഗോള്‍’ എന്ന വിളിപ്പേരുകാരന്‍ ഗബ്രിയേല്‍ ബാര്‍ബോസയാണു രണ്ടു ഗോളടിച്ചു വിജയത്തിനു നേതൃത്വംനല്‍കിയത്. ഗബ്രിയേല്‍ ജീസസ്, ലുവാന്‍ എന്നിവരും ഗോള്‍ നേടി. അതേസമയം, കിരീടപ്രതീക്ഷയുമായി വന്ന അര്‍ജന്റീനയും നിലവിലെ ചാംപ്യന്മാരായ മെക്സിക്കോയും പുറത്തായി.
അവസാന മല്‍സരത്തില്‍ ഹോണ്ടുറാസിനെതിരെ ജയിക്കേണ്ടിയിരുന്ന അര്‍ജന്റീനയ്ക്കു നേടാനായതു സമനില മാത്രം (1-1). ഇരുടീമും മുന്‍പു പോര്‍ച്ചുഗലിനോടു തോല്‍ക്കുകയും അല്‍ജീറിയയെ തോല്‍പിക്കുകയും ചെയ്തതോടെയാണ് ഈ കളി നിര്‍ണായകമായത്.
കളി തീരാന്‍ 15 മിനിറ്റുള്ളപ്പോള്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ആന്റണി ലോറെന്‍സോ ഹോണ്ടുറാസിനു ലീഡ് നല്‍കി. ഇന്‍ജുറി ടൈമില്‍ മൗറീസിയോ മാര്‍ട്ടിനെസിന്റെ ഗോളില്‍ അര്‍ജന്റീന സമനില പിടിച്ചെങ്കിലും കാണികളുടെ കൂവലേറ്റുവാങ്ങി പുറത്തേക്ക്.
ദക്ഷിണ കൊറിയയാണു മെക്സിക്കോയുടെ വഴിമുടക്കിയത് (1-0). കോന്‍ ചാങ് ഹൂണ്‍ വിജയഗോള്‍ നേടി. അതേസമയം, ഓഷ്യാനിയ പ്രതിനിധികളായ ഫീജി ഗോളേറ്റുവാങ്ങല്‍ കര്‍മം തുടരുന്നു. ഇത്തവണ ജര്‍മനി 10-0ന് ആണു ഫീജിയെ മുക്കിയത്. ഫ്രീബര്‍ഗ് സ്ട്രൈക്കര്‍ നില്‍സ് പീറ്റേഴ്സണ്‍ അഞ്ചുഗോള്‍ പേരിലാക്കി.