മാവോവാദികളുമായി നടന്നത് അവിചാരിത ഏറ്റുമുട്ടലെന്ന് പോലീസ്

214

മലപ്പുറം: നിലമ്പൂരില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടല്‍ പതിവ് പട്രോളിങ്ങിനിടെ അവിചാരിതമായി ഉണ്ടായതാണെന്നും സംഘത്തില്‍ മാവോവാദി നേതാവ് വിക്രം ഗൗഡയുണ്ടായിരുന്നുവെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ പറഞ്ഞു. നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലിലാണെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പോലീസിന്റെ വിശദീകരണം. ആദ്യമായാണ് ഈ സംഭവത്തില്‍ പോലീസില്‍ നിന്ന് ഒരു വിശദീകരണം ലഭിക്കുന്നത്. മാവോവാദി സംഘത്തില്‍ 11 പേര്‍ ഉണ്ടായിരുന്നു. പോലീസ് സംഘത്തിന് നേര്‍ക്ക് മാവോവാദികളാണ് ആദ്യം വെടിയുതിര്‍ത്തത്. തുടര്‍ന്ന് പോലീസും തിരിച്ച്‌ വെടിവെച്ചു. രണ്ടു പേര്‍ മരിച്ചു. ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടു. മാവോവാദി നേതാവ് വിക്രം ഗൗഡയും സംഘത്തിലുണ്ടായിരുന്നുവെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ പറഞ്ഞു. ചെങ്കുത്തായ ഒരു പ്രദേശത്തിന് തൊട്ടു താഴെയായിരുന്നു ക്യാംപ്. നേരിട്ടുള്ള വഴി ഉപേക്ഷിച്ച്‌ ചുറ്റിവളഞ്ഞാണ് പോലീസ് സംഘമെത്തിയത്. ആറോ ഏഴോ മാസമായി മാവോവാദികള്‍ ഇവിടെ ക്യാമ്ബ് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. കൊല്ലപ്പെട്ടവരില്‍ നിന്ന് ഒരു കൈത്തോക്ക് മാത്രമാണ് കണ്ടെത്തിയതെന്നും ഇവയെല്ലാം മാവോവാദികള്‍ കൊല്ലപ്പെട്ടത് പോലീസ് കസ്റ്റഡിയിലാണെന്ന സംശയം ഉയര്‍ത്തുന്നതാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണം.വന്‍ കമാന്‍ഡോ സംഘത്തിന് മാവോവദികളില്‍ ഒരാളെപ്പോലും ജീവനോടെ പിടികൂടാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടെന്നും ചോദ്യമുയരുന്നുണ്ട്.