എറണാകുളം ജില്ലാ കോടതിയിൽ മാധ്യമങ്ങൾക്കു വിലക്ക്

176

കൊച്ചി∙ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പു ചർച്ച നടന്നതിനു പിന്നാലെ എറണാകുളം ജില്ലാ കോടതിയിലും മാധ്യമപ്രവർത്തകർക്ക് വിലക്ക്. മാധ്യമ സാന്നിധ്യം പ്രശ്നമാകുമെന്നു സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് മാധ്യമങ്ങളെ കോടതിക്കകത്തു പ്രവേശിക്കാൻ അനുവദിച്ചില്ല. അഭിഭാഷകന്റെ നിർദേശപ്രകാരമാണു തടയുന്നതെന്ന് പൊലീസ് പറഞ്ഞു.

മലയാളികളെ കാണാതായ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ അർഷിദ് ഖറേഷിയേയും റിസ്വാൻ ഖാനേയും കോടതിയിൽ ഹാജരാക്കിയത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയാണ് തടഞ്ഞത്.

പൊതുസ്ഥലത്തു സ്ത്രീയോട് മോശമായി പെരുമാറിയെന്ന് ആരോപണം നേരിടുന്ന ഗവ. പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാനെ സംബന്ധിക്കുന്ന വാർത്ത നൽകിയതിന് അഭിഭാഷകർ, മാധ്യമപ്രവർത്തകരെ മർദിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലും പ്രശ്നങ്ങളുണ്ടായി. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ മധ്യസ്ഥ ചർച്ച നടത്തിയിരുന്നു. അഭിഭാഷകരും മാധ്യമപ്രവർത്തകരും അടങ്ങുന്ന ഒരു സമിതി രൂപീകരിക്കാനും തീരുമാനിച്ചിരുന്നു.

NO COMMENTS

LEAVE A REPLY