തിരിച്ചടിക്കാൻ ഉത്തരവിനു കാത്തുനിൽക്കേണ്ടതില്ലെന്ന് അതിർത്തി രക്ഷാസേനയ്ക്കുള്ള നിർദ്ദേശമെന്നും രാജ്യസഭയിൽ ആഭ്യന്തര മന്ത്രി പറഞ്ഞു

163

ന്യൂഡൽഹി ∙ ഇന്ത്യയുടെ പല പ്രധാനമന്ത്രിമാരും ശ്രമിച്ചെങ്കിലും പാക്കിസ്ഥാൻ സഹകരണ മനോഭാവം കാണിക്കുന്നില്ലെന്നും ദൈവം അവർക്കു സൽബുദ്ധി നൽകട്ടെയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. കടന്നാക്രമണത്തിനു ശ്രമിക്കരുതെന്നും പക്ഷേ പ്രകോപനമുണ്ടായാൽ തിരിച്ചടിക്കാൻ ഉത്തരവിനു കാത്തുനിൽക്കേണ്ടതില്ലെന്നുമാണ് അതിർത്തി രക്ഷാസേനയ്ക്കുള്ള (ബിഎസ്എഫ്) നിർദ്ദേശമെന്നും രാജ്യസഭയിൽ ആഭ്യന്തര മന്ത്രി പറഞ്ഞു.
പാക്കിസ്ഥാനോടുള്ള സമീപനത്തിൽ പുനർവിചിന്തനം ആവശ്യമാണെങ്കിൽ എല്ലാവരെയും വിശ്വാസത്തിലെടുത്തു മാത്രമാവും തീരുമാനമെടുക്കുക. കഴിഞ്ഞ ദിവസം ഇസ്‌ലാമാബാദിൽ സാർക്ക് ആഭ്യന്തര മന്ത്രിമാരുടെ ഉച്ചകോടിയിൽ താൻ നടത്തിയ പ്രസംഗം റിപ്പോർട്ട് ചെയ്യാൻ ഇന്ത്യൻ മാധ്യമങ്ങളെ അനുവദിച്ചില്ലെന്നു രാജ്നാഥ് സ്ഥിരീകരിച്ചു. സമ്മേളനത്തിനുശേഷമുള്ള വിരുന്നിനു തന്നെ ക്ഷണിച്ചശേഷം പാക്ക് ആഭ്യന്തര മന്ത്രി സ്ഥലംവിട്ടു. വിരുന്നിൽ പങ്കെടുക്കാതെ ഇന്ത്യയുടേതായ രീതിയിൽ താൻ പ്രതികരിച്ചു. അവിടെ പോയതു വിരുന്നിൽ പങ്കെടുക്കാനല്ല – സന്ദർശനത്തെക്കുറിച്ചു രാജ്യസഭയിൽ നടത്തിയ പ്രസ്താവന വിശദീകരിക്കവേ രാജ്നാഥ് പറഞ്ഞു.

രാജ്നാഥിനെതിരെ ഇസ്‌ലാമാബാദിൽ ചിലർ പ്രകടനം നടത്തിയതിനെക്കുറിച്ച് അംഗങ്ങൾ ചോദിച്ചപ്പോൾ, പ്രകടനങ്ങളെക്കുറിച്ച് ആശങ്കയുണ്ടായിരുന്നെങ്കിൽ താൻ പോകില്ലായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി മറുപടി നൽകി. ഇസ്‌ലാമാബാദിൽ രാജ്നാഥ് സ്വീകരിച്ച സമീപനത്തെ രാജ്യസഭാംഗങ്ങൾ ഒന്നടങ്കം അഭിനന്ദിച്ചു.

ഭീകരപ്രവർത്തനം, മയക്കുമരുന്നുകടത്ത്, മനുഷ്യക്കടത്ത് എന്നിവയാണു സാർക്ക് ഉച്ചകോടിയിൽ പ്രധാനമായി ചർച്ച ചെയ്തതെന്നും ഭീകരപ്രവർത്തനത്തെ മഹത്വവൽക്കരിക്കാനോ അതിന് ഒത്താശ ചെയ്യാനോ അംഗരാജ്യങ്ങൾ ശ്രമിക്കരുതെന്നു താൻ വ്യക്തമാക്കിയെന്നും രാജ്നാഥ് പറഞ്ഞു. ഭീകരപ്രവർത്തനത്തെ സഹായിക്കുന്ന വ്യക്തികളെയും സംഘടനകളെയും രാജ്യങ്ങളെയും അപലപിക്കണം. ഭീകരപ്രവർത്തനത്തെ നല്ലതെന്നും ചീത്തയെന്നും വേർതിരിക്കേണ്ടതില്ല. ഭീകരപ്രവർത്തനത്തിനെതിരായ രാജ്യാന്തര ധാരണകൾ എല്ലാ രാജ്യങ്ങളും അംഗീകരിക്കണം. അടുത്ത മാസം 22നും 23നും ഇന്ത്യയിൽ ഭീകരവിരുദ്ധ സമ്മേളനം നടത്തും.

സുഹൃത്തുക്കളെ മാറ്റാം, അയൽക്കാരെ മാറ്റാനാവില്ലെന്നാണു മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പറഞ്ഞത്. നരേന്ദ്ര മോദി, മൻമോഹൻ സിങ് എന്നീ പ്രധാനമന്ത്രിമാരും ശ്രമിച്ചെങ്കിലും ഇന്ത്യയുമായി സഹകരിക്കാൻ പാക്കിസ്ഥാൻ താൽപര്യപ്പെട്ടില്ല. പല നേതാക്കളും ഭീകരപ്രവർത്തനത്തിന് ഇരയായി. ഇന്ത്യയുടെ എല്ലാ പ്രധാനമന്ത്രിമാരും ഭീകരപ്രവർത്തന വിരുദ്ധ നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിനൽ കുറ്റങ്ങൾക്കെതിരായ സാർക്ക് ധാരണയ്ക്കു പാക്കിസ്ഥാൻ ഇനിയും അംഗീകാരം നൽകിയിട്ടില്ല. ഉടനെ അംഗീകരിക്കുമെന്നാണ് അവർ പറയുന്നത്. ഭീകരപ്രവർത്തനമാണു മനുഷ്യാവകാശങ്ങളുടെ മുഖ്യശത്രു.

തന്റെ പ്രസംഗം റിപ്പോർട്ടു ചെയ്യാൻ ദൂരദർശനെയും വാർത്താ ഏജൻസികളായ പിടിഐ, എഎൻഐ എന്നിവയെയും അനുവദിച്ചില്ല. പാക്കിസ്ഥാൻ തന്നോടു ചെയ്യേണ്ടതു ചെയ്തു. അതേക്കുറിച്ചു കൂടുതലൊന്നും പറയുന്നില്ല. ഇന്ത്യയുടെ അന്തസ്സാണു പ്രധാനം. നമ്മൾ അത് ഉയർത്തിപ്പിടിക്കും. രാജ്യസഭയിൽ കാണുന്നതു രാജ്യത്തിന്റെ ഐക്യമാണ്. ഭീകരപ്രവർത്തനത്തെ തുരത്തുന്നതിൽ നമ്മൾ വിജയിക്കും – രാജ്നാഥ് പറഞ്ഞു.

ഭീകരപ്രവർത്തനവും മയക്കുമരുന്നുമാണു പ്രധാനപ്രശ്നങ്ങളെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. മറ്റൊരു പാർട്ടിക്കുമുണ്ടാകാത്ത നഷ്ടമാണു ഭീകരപ്രവർത്തനം മൂലം തങ്ങളുടെ പാർട്ടിക്ക് ഉണ്ടായത്. രണ്ടു പ്രധാനമന്ത്രിമാരെ ബലി കൊടുക്കേണ്ടിവന്നെന്നും ആസാദ് കൂട്ടിച്ചേർത്തു.

മായാവതി (ബിഎസ്പി), ഡി.രാജ (സിപിഎ), എ.നവനീതകൃഷ്ണൻ (അണ്ണാഡിഎംകെ), ആനന്ദ് ശർമ (കോൺഗ്രസ്), രാം ഗോപാൽ യാദവ് (എസ്പി), ഡെറക് ഒബ്രയൻ (ടിഎംസി), കനിമൊഴി (ഡിഎംകെ), സുബ്രഹ്മണ്യൻ സ്വാമി (ബിജെപി) തുടങ്ങിയവർ ആഭ്യന്തര മന്ത്രിയോടു ചോദ്യങ്ങളുന്നയിച്ചു.

NO COMMENTS

LEAVE A REPLY