ന്യൂഡൽഹി ∙ വി.എസ്.അച്യുതാനന്ദന് ഉചിതമായ പദവി നൽകാമെന്നു ജനറൽ സെക്രട്ടറിയുൾപ്പെടെ അഞ്ചു പൊളിറ്റ്ബ്യൂറോ അംഗങ്ങൾ തമ്മിലുണ്ടാക്കിയ ധാരണ ഒരു മാസം കഴിഞ്ഞും നടപ്പായില്ലെന്നതും പുതിയ തർക്കത്തിലേക്കു നീങ്ങുകയാണ്. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഗണിക്കുന്ന പൊളിറ്റ്ബ്യൂറോ കമ്മിഷന്റെ മുന്നിലുള്ള പരാതികളിൽ വിഎസിന് അനുകൂലമായ തീർപ്പുണ്ടാകുമെന്ന് ഉറപ്പില്ലെന്ന വാദവും ഉന്നയിക്കപ്പെടുന്നു.
പിബി കമ്മിഷനിൽ അനുകൂല തീരുമാനമുണ്ടായാൽ മാത്രമാണു വിഎസിനു സംസ്‌ഥാന സെക്രട്ടേറിയറ്റിൽ മടങ്ങിയെത്താനാവുക. അതിനുശേഷം മതി കാബിനറ്റ് റാങ്കുള്ള പദവിയെന്നാണു വിഎസിന്റെ ഇപ്പോഴത്തെ നിലപാട്.