പൊതുസ്ഥലത്തു മാലിന്യം കത്തിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു

178

ന്യൂഡല്‍ഹി• പൊതുസ്ഥലത്തു മാലിന്യങ്ങള്‍ കത്തിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു. വീഴ്ചവരുത്തുന്നവരില്‍ നിന്ന് 25,000 രൂപ വരെ പിഴ ഈടാക്കാനും നിര്‍ദേശം. പരിസ്ഥിതി നഷ്ടപരിഹാരമായാണ് പിഴ ഈടാക്കുന്നതെന്ന് എന്‍ജിടി ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മാലിന്യ കൂമ്പാരങ്ങള്‍ക്കു തീയിടുന്നതും വയലിലെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ചെറിയ തോതിലുള്ള മാലിന്യങ്ങള്‍ കത്തിക്കുന്ന വ്യക്തിയില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കും. മാലിന്യ കൂമ്പാരവും വയലിലെ മാലിന്യങ്ങളും കത്തിക്കുന്ന വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 25,000 രൂപ വരെ പിഴ ഈടാക്കും.

2016ലെ ഖര മാലിന്യ നിയന്ത്രണ ചട്ടങ്ങളുടെ പരിധിയില്‍ നിന്നാണ് പിഴ ഈടാക്കാനുള്ള എന്‍ജിടി നിര്‍ദേശം.
ചട്ടങ്ങള്‍ക്കു കീഴില്‍ മാലിന്യ നിര്‍മാര്‍ജനം സംബന്ധിച്ച കര്‍മപദ്ധതി തയാറാക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. കര്‍മ പദ്ധതി തയാറാക്കാന്‍ നാലാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. തങ്ങളുടെ അധികാര പരിധിയിലുള്ള പ്രദേശത്തെ മാലിന്യ നിര്‍മാര്‍ജനത്തിനു സമയബന്ധിത കര്‍മ പദ്ധതിയാണ് തയാറാക്കേണ്ടത്. ചെറിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിവിധയിനം പ്ലാസ്റ്റിക്കുകളുടെ നിരോധനം സംബന്ധിച്ച നിര്‍ദേശം ആറു മാസത്തിനുള്ളില്‍ നല്‍കണമെന്നു കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തോടും എന്‍ജിടി ആവശ്യപ്പെട്ടു. മാലിന്യങ്ങള്‍ വേര്‍തിരിച്ചു നശിപ്പിക്കാനുള്ള പ്രത്യേക പ്ലാന്റുകള്‍ നിര്‍മിക്കണം. ഈ പ്ലാന്റുകളുടെ കൃത്യമായ മേല്‍നോട്ടവും നടത്തിപ്പും ഉറപ്പു വരുത്തണം. ഖര മാലിന്യ നിര്‍മാര്‍ജന ചട്ടം അനുസരിച്ചാണ് പ്ലാന്റുകള്‍ നിര്‍മിക്കുന്നത്. ഖരമാലിന്യ നിയന്ത്രണം മെച്ചപ്പെടുത്താന്‍ സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കു നിര്‍ദേശം നല്‍കണമെന്ന അപേക്ഷകള്‍ പരിഗണിച്ചാണ് എന്‍ജിടി ഉത്തരവ്. ഇതിനിടെ, തിരഞ്ഞെടുപ്പു കാലത്ത് പ്ലാസ്റ്റിക്കിന്റെ പതാകകളും ബാനറുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ മറ്റൊരു പരാതിയില്‍ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന് എന്‍ജിടി നോട്ടിസ് അയച്ചു. പ്ലാസ്റ്റിക് പതാകയുടെയും ബാനറുകളുടെയും നിരോധനം സംബന്ധിച്ച നിര്‍ദേശം ആറു മാസത്തിനുള്ളില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. ആന്ധ്രപ്രദേശ് സ്വദേശി രവികിരണ്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി.മാലിന്യങ്ങള്‍

NO COMMENTS

LEAVE A REPLY