തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം എഫ്ബിഐ : ഹിലരി ക്ലിന്റണ്‍

195

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തന്റെ തോല്‍വിക്ക് കാരണം എഫ്ബിഐ ഡയറക്ടറാണെന്ന് ഹിലരി ക്ലിന്റന്‍റെ ആരോപണം. തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തില്‍ എഫ്ബിഐ കുത്തിപ്പൊക്കിയ അനാവശ്യ ഇ-മെയില്‍ വിവാദമാണ് തോല്‍വിക്ക് കാരണമെന്ന് ഹിലരി ആരോപിക്കുന്നു. തോല്‍വിയുടെ ആഘാതത്തില്‍ നിന്നും മുക്തമല്ല ഡെമോക്രാറ്റിക് ക്യാമ്പ് എന്നാണ് ഹിലരിയുടെ ആരോപണം കാണിക്കുന്നത്. അമേരിക്കയുടെ ആദ്യ വനിത പ്രസിഡന്റെന്ന ചരിത്രനേട്ടം തന്നില്‍ നിന്ന് തട്ടി അകറ്റിയത് എഫ്ബിഐ ആണ്. പ്രചാരണ വേളയിലുടനീളം തനിക്ക് മേല്‍ക്കൈ ഉണ്ടായിരുന്നു. അവസാന ദിവസം അനാവശ്യ ഇ- മെയില്‍ വിവാദം സൃഷ്ടിച്ച എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമെയാണ് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ഉത്തരവാദിയെന്ന് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലരി ക്ലിന്റണ്‍ ആരോപിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസം ജനങ്ങളെ അഭിസംബോധന ചെയ്തപ്പോള്‍ ഒന്നും വിട്ടുപറയാതിരുന്ന ഹിലരി ഇത്തവണ എഫ്ബിഐക്കും ഡയറക്ടര്‍ ജയിംസ് കോമെക്കുമെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ഇപ്പോള്‍.