പാര്‍ലമെന്റിലെ ചര്‍ച്ച തടസപ്പെടുത്തുന്ന പ്രതിപക്ഷ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

186

പണം അസാധുവാക്കലിനെക്കുറിച്ച്‌ പാര്‍ലമെന്റിലെ ചര്‍ച്ച തടസപ്പെടുത്തുന്ന പ്രതിപക്ഷ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പണം അസാധുവാക്കലില്‍ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സര്‍ക്കാരും പ്രതിപക്ഷവും നിലപാട് കടുപ്പിച്ചതോടെ പാര്‍ലമെന്റ് സ്തംഭനം തുടരുകയാണ്. പ്രതിപക്ഷത്തിനെതിരെ നിലപാട് ശക്തമാക്കി ഭരണപക്ഷം തന്നെ മുദ്രാവാക്യവുമായി രംഗത്തുവന്നതോടെ പാര്‍ലമെന്റ് വീണ്ടും തടസ്സപ്പെട്ടു. എല്ലാ നോട്ടുകളും ബാങ്കിലേക്ക് തിരിച്ചു വരുന്ന സാഹചര്യത്തില്‍ കള്ളപ്പണത്തിന്റെ പേരില്‍ ജനങ്ങളെ കഷ്ടപ്പെടുത്തിയതെന്തിനെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ചോദിച്ചപ്പോള്‍ ആദ്യം ചര്‍ച്ച നടത്തൂ എന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. പ്രതിപക്ഷം സഭ തടപ്പെടുത്തുന്നതിനെതിരെ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം പ്രമേയം പാസാക്കി. ജനാധിപത്യ വിരുദ്ധമായാണ് പ്രതിപക്ഷം പെരുമാറുന്നതെന്ന് ആരോപിച്ച പ്രധാനമന്ത്രി, തനിക്ക് പാര്‍ലമെന്റില്‍ പലതും വിശദീകരിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി. ടൈം മാഗസിന്റെ വോട്ടെടുപ്പില്‍ വരെ നരേന്ദ്ര മോദി ഒന്നാമതെത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ വോട്ടിംഗ് എന്ന മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷത്തെ സര്‍ക്കാര്‍ നേരിട്ടത്. ബാങ്കുകളിലെ പണദൗര്‍ലഭ്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനോട് വിട്ടുവീഴ്ച വേണ്ടെന്നും പ്രതിപക്ഷ നേതാക്കളുടെ യോഗം രാവിലെ തീരുമാനിക്കുകയായിരുന്നു. ആദായനികുതി ഭേദഗതി ബില്‍ പരിഗണിക്കുന്നതും ബഹളം കാരണം നീളുകയാണ്.

NO COMMENTS

LEAVE A REPLY