ഡോക്ടര്‍ ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ നവജാതശിശു മരിച്ചു

198

മുംബൈ: പഴയ നോട്ടുകള്‍ മാറാനാകാതെ വന്നതുമൂലം ഡോക്ടര്‍ ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ നവജാതശിശു മരിച്ചെന്ന് ആരോപണം. മുംബൈ ഗോവണ്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് ആണ്‍കുട്ടി മരിച്ചത്. 500, 1000 നോട്ടുകള്‍ അസാധുവാക്കിയ നടപടിയുടെ പിറ്റേ ദിവസമായ വ്യാഴാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഡോക്ടര്‍ കുട്ടിയെ ചികില്‍സിക്കാന്‍ തയാറായില്ല. രക്ഷിതാക്കളുടെ കയ്യില്‍ ചെറിയ തുകയ്ക്കുള്ള നോട്ടുകള്‍ ഇല്ലാത്തതിനാല്‍ ചികില്‍സ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. 500, 1000 നോട്ടുകള്‍ മാത്രമാണ് രക്ഷിതാക്കളുടെ പക്കലുണ്ടായിരുന്നത്. അന്നു ബാങ്കുകള്‍ അവധിയായതിനാല്‍ പഴയ നോട്ടുകള്‍ സ്വീകരിക്കണമെന്നു രക്ഷിതാക്കള്‍ അഭ്യര്‍ഥിച്ചുവെങ്കിലും ഡോക്ടര്‍ ഇവരെ മടക്കി അയച്ചു.കുട്ടിയുടെ ആരോഗ്യനില വീണ്ടും വഷളായതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അല്‍പസമയത്തിനകം കുട്ടി മരിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY