കോവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കി പോലീസ്

31

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് പുനക്രമീകരിച്ച പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി അറിയിച്ചു. ടിപിആര്‍ 18 ശതമാനത്തിന് മുകളില്‍ വരുന്ന ഡി വിഭാഗത്തില്‍പ്പെടുന്ന കുന്നന്താനം, റാന്നി അങ്ങാടി, വടശേരിക്കര, ആറന്മുള പഞ്ചായത്ത് പ്രദേശങ്ങളില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പോലീസ് ശക്തമായി ഇടപെടും. രോഗവ്യാപനം തടയുന്നതിന് ജനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും അനാവശ്യമായി ആരും പുറത്തിറങ്ങി നടക്കരുതെന്നും ലംഘനങ്ങളുണ്ടായാല്‍ കര്‍ശനനടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുള്ള ഈ പ്രദേശങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കും. കണ്ടെയ്‌മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ ആരെയും അനുവദിക്കില്ല. ഈ പ്രദേശങ്ങളിലേക്കു കടക്കാനും നിയന്ത്രണമുണ്ട്. കടകളും മറ്റും പ്രവര്‍ത്തിക്കുന്നതും നിബന്ധനകള്‍ പാലിച്ചുവേണം.

ടിപിആര്‍ 6 ശതമാനത്തില്‍ താഴെയുള്ള എ വിഭാഗത്തിള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് സാധാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. എല്ലാ കടകള്‍ക്കും അനുമതി രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം. സ്വകാര്യ സ്ഥാപനങ്ങളും അനുവദിക്കും. 50 ശതമാനം ജീവനക്കാര്‍ മാത്രം. ഈ വിഭാഗത്തില്‍ ജില്ലയില്‍ 8 പഞ്ചായത്ത് പ്രദേശങ്ങളാണുള്ളത്.

ടിപിആര്‍ 6 നും 12 നും ഇടയില്‍ വരുന്ന പ്രദേശങ്ങള്‍ ബി വിഭാഗത്തിലാണുള്ളത്. അവിടങ്ങളില്‍ ഭാഗിക ലോക്ക് ഡൗണ്‍ ആയിരിക്കും. തിരുവല്ല, പത്തനംതിട്ട, അടൂര്‍ മുനിസിപ്പാലിറ്റികളും 35 ഗ്രാമപഞ്ചായത്തുകളും ഈ വിഭാഗത്തില്‍പ്പെടും. അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം. പ്രവര്‍ത്തനസമയം 7 മുതല്‍ 7 വരെ. മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം രാവിലെ 7 മുതല്‍ 7 വരെ 50 ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. ഓട്ടോറിക്ഷകള്‍ക്ക് ഓടാം, ഡ്രൈവര്‍ കൂടാതെ രണ്ടു യാത്രക്കാരെ അനുവദിക്കും.12 നും 18 നുമിടയില്‍ ടിപിആര്‍ വരുന്ന പന്തളം മുനിസിപ്പാലിറ്റി, ഒന്‍പത് പഞ്ചായത്ത് പ്രദേശങ്ങള്‍ കാറ്റഗറി സി യിലാണുള്ളത്. ഇവിടങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ അനുവദിക്കും. തുണിക്കടകള്‍, ചെരുപ്പുകടകള്‍, ജുവലറികള്‍, ബുക്ക് ഷോപ്പുകള്‍, റിപ്പയര്‍ സര്‍വീസ് നടത്തുന്ന സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതല്‍ 7 വരെ 50 ശതമാനം ജീവനക്കാരെവച്ചു പ്രവര്‍ത്തിക്കാം.

കോവിഡ് ബാധിച്ചുള്ള മരണങ്ങളുമായി ബന്ധപ്പെട്ട മാതാചാര ചടങ്ങുകള്‍ പരിമിതമായി നടത്താന്‍ അനുവദിച്ചിട്ടുണ്ട്. ഓഫീസുകളിലും സ്ഥാപനങ്ങളിലും അടിസ്ഥാന പ്രതിരോധമാര്‍ഗങ്ങള്‍ പാലിക്കേണ്ടതാണ്. പുറത്തിറങ്ങുമ്പോള്‍ എന്‍ 95 മാസ്‌ക്കോ ഡബിള്‍ മാസ്‌ക്കോ നിര്‍ബന്ധമായും ഉപയോഗിക്കണം. അന്തര്‍ സംസ്ഥാന യാത്രികര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ബസുകളില്‍ പരിധിയില്‍ കൂടുതല്‍ യാത്രക്കാരെ അനുവദിക്കില്ലെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. നിബന്ധനകളും നിയന്ത്രണങ്ങളും പാലിക്കുന്നത് ഉറപ്പാക്കാന്‍ പോലീസ് സാന്നിദ്ധ്യവും പരിശോധനയും കാര്യക്ഷമമാക്കാന്‍ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ നാലു ദിവസമായി ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് ആകെ 214 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 175 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 13 കടകള്‍ക്കെതിരെ നടപടിയെടുത്തു. 474 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 996 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 467 പേര്‍ക്കെതിരെയും നടപടി എടുത്തതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

NO COMMENTS