പാരലിംപിക്സില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ മാരിയപ്പന്‍ തങ്കവേലു 30 ലക്ഷം രൂപ സര്‍ക്കാര്‍ സ്കൂളിന് നല്‍കും

238

ചെന്നൈ • റിയോയില്‍ നടന്ന പാരലിംപിക്സില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ മാരിയപ്പന്‍ തങ്കവേലു 30 ലക്ഷം രൂപ സര്‍ക്കാര്‍ സ്കൂളിന് നല്‍കും. സേലം ജില്ലയിലെ ഗ്രാമമായ പെരിയവടക്കംപട്ടിയില്‍ താന്‍ പഠിച്ചിരുന്ന സര്‍ക്കാര്‍ സ്കൂളിനാണ് പാരിതോഷികത്തില്‍നിന്നും സംഭാവന നല്‍കുക. മാരിയപ്പനു തമിഴ്നാട് സര്‍ക്കാര്‍ രണ്ടുകോടിയും കായിക മന്ത്രാലയം 75 ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
പാരലിംപിക്സില്‍ ഹൈജംപിലാണ് മാരിയപ്പന്‍ സ്വര്‍ണം നേടിയത്. 1.89 മീറ്റര്‍ ചാടിയാണ് ഇന്ത്യയ്ക്കായി സ്വര്‍ണനേട്ടം കൈവരിച്ചത്. പാരലിംപിക്സില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടവും മാരിയപ്പന്‍ സ്വന്തമാക്കി.അഞ്ചു വയസ്സുള്ളപ്പോള്‍ സംഭവിച്ച അപകടത്തിലാണ് മാരിയപ്പന്റെ കാല്‍ തകര്‍ന്നത്. കാല്‍ നഷ്ടപ്പെട്ട മാരിയപ്പനു കൈത്താങ്ങായത് അമ്മ സരോജയാണ്. അച്ഛന്‍ കുടുംബത്തെ ഉപേക്ഷിച്ചു പോയതിനാല്‍ അയല്‍വീടുകളില്‍ ജോലി ചെയ്തും പച്ചക്കറി വിറ്റുമാണ് അമ്മ മാരിയപ്പനെ വളര്‍ത്തിയത്. കടുത്ത ദാരിദ്ര്യമായിരുന്നിട്ടും സ്പോര്‍ട്സിനോടുള്ള മകന്റെ ഇഷ്ടത്തെ സരോജ പ്രോല്‍സാഹിപ്പിച്ചു. തുടക്കത്തില്‍ വോളിബോളായിരുന്നു പ്രിയം. സ്കൂള്‍കാലത്തു കാലിന്റെ ശേഷിക്കുറവിനെ മറികടന്നു വോളിബോള്‍ കോര്‍ട്ടില്‍ ഉയര്‍ന്നു പൊങ്ങുന്ന മാരിയപ്പനെ കായികാധ്യാപകന്‍ ശ്രദ്ധിച്ചു. അവിടെ നിന്നാണു ഹൈജംപിലേക്കുള്ള മാറ്റം. സഹപാഠികളെയെല്ലാം ഞെട്ടിച്ച്‌ ആദ്യ മല്‍സരത്തില്‍ത്തന്നെ രണ്ടാം സ്ഥാനം. പിന്നീട്, ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ മാരിയപ്പന്‍ മെഡലുകള്‍ നേടി.18-ാം വയസ്സില്‍ ദേശീയ പാരാ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുമ്ബോഴാണ് മാരിയപ്പനെ കോച്ച്‌ സത്യനാരായണ ശ്രദ്ധിക്കുന്നത്. 2013ല്‍ ആയിരുന്നു അത്. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തി. ട്യൂണീസിയയില്‍ നടന്ന ഗ്രാന്‍പ്രീ മീറ്റില്‍ 1.78 മീറ്റര്‍ ചാടിയാണ് മാരിയപ്പന്‍ റിയോ പാരലിംപിക്സിനു യോഗ്യത നേടിയത്.

NO COMMENTS

LEAVE A REPLY