മദ്യനയം ടൂറിസം മേഖലയ്ക്ക് തിരിച്ചടി: മന്ത്രി മൊയ്തീന്‍

180

തിരുവനന്തപുരം∙ മദ്യനയം തിരുത്തണമെന്ന നിലപാടില്‍ ഉറച്ച് ടൂറിസം വകുപ്പ്. മദ്യവിൽപ്പനയിൽ വരുത്തിയ നിയന്ത്രണം വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിച്ചു. ടൂറിസം കേന്ദ്രങ്ങള്‍ക്കു സമീപമുള്ള ബാറുകളില്‍ മദ്യം ലഭ്യമാക്കണമെന്നും മന്ത്രി എ.സി.മൊയ്തീന്‍ ആവശ്യപ്പെട്ടു. നിലവിലെ മദ്യനയം ടൂറിസം മേഖലയ്ക്കു തിരിച്ചടിയാണ്. ടൂറിസം മേഖലയുടെ വളര്‍ച്ചയില്‍ ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്. വകുപ്പിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിട്ടുണ്ടെന്നും എ.സി.മൊയ്തീന്‍ അറിയിച്ചു.

ടൂറിസം കേന്ദ്രങ്ങളോടു ചേർന്നു നടത്താറുള്ള പല വിനോദസഞ്ചാര സംബന്ധിയായ സമ്മേളനങ്ങളും കേരളത്തിന്റെ മദ്യനയം മൂലം സംസ്ഥാനത്തിനു പുറത്തേക്കു മാറ്റേണ്ട സാഹചര്യം ഉണ്ടായിട്ടിട്ടുണ്ടെന്നും അതു ടൂറിസം മേഖലയില്‍ കോടിക്കണക്കിനു രൂപയുടെ വരുമാനനഷ്ടം ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, യുഡിഎഫ് പൂട്ടിയ ബാറുകള്‍ തുറക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചാല്‍ എതിര്‍ക്കുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. യുഡിഎഫ് കൊണ്ടുവന്ന മദ്യനയം കേരള ചരിത്രത്തില്‍ ഒരു സര്‍ക്കാരും സ്വീകരിക്കാത്ത ധീരമായ നിലപാടാണ്. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ അതിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY