കള്ളപ്പണം വെളുപ്പിച്ചെന്ന പരാതി : മുവാറ്റുപുഴ ഡിപ്പോയ്ക്ക് എതിരെ അന്വേഷണം നടത്താന്‍ ഉത്തരവ്

183

കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ മുവാറ്റുപുഴ കെഎസ്ആർടിസി ഡിപ്പോയ്ക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്. വിജിലൻസിന്‍റെ ത്വരിതാന്വേഷണത്തിൽ കള്ളപ്പണം വെളുപ്പിച്ചതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നവംബർ എട്ടിന് നോട്ടസാധുവാക്കൽ പ്രഖ്യാപിച്ച ശേഷമുള്ള 16 ദിവസം എറണാകുളം മുവാറ്റുപുഴ കെഎസ്ആർടിസി ഡിപ്പോയിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് വിജിലൻസ് പ്രാഥമികമായി കണ്ടത്തിയിരിക്കുന്നത്. നോട്ടസാധുവാക്കലിന് ശേഷം നിരോധിച്ച അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകൾ വാങ്ങാൻ കെഎസ്ആർടിസിക്ക് സർക്കാർ അനുമതി നൽകിയിരുന്നു. ഈ അവസരം മുതലെടുത്ത് കെഎസ്ആർടിസി ജീവനക്കാരുടെ സൊസൈറ്റിയിലെ പണം മുവാറ്റുപുഴ ഡിപ്പോയിലൂടെ മാറിയെടുത്തെന്നാണ് പരാതി. യാത്രക്കാരിൽ നിന്ന് സ്വീകരിച്ച ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകളുടെ സീരിയൽ നമ്പർ സഹിതമാണ് കണ്ടക്ടർമാർ ഡിപ്പോയിൽ അടച്ചിരിക്കുന്നത്. എന്നാൽ ഡിപ്പോ അധികൃതർ ബാങ്കിലടച്ച പണത്തിൽ 19,40,500 രൂപയുടെ വ്യത്യാസമുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ചെറിയ നോട്ടുകൾക്ക് പകരം ഡിപ്പോ ഉദ്യോഗസ്ഥർ അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകൾ ബാങ്കിൽ അടച്ചെന്നാണ് സംശയം.
കള്ളപ്പണം എവിടെ നിന്ന് വന്നുവെന്നും ഇത് വെളുപ്പിക്കാൻ കെഎസ്ആർടിസി ഉദ്യോഗസ്ഥർ കൂട്ടുനിന്നോ എന്നുമാകും വിജിലൻസ് അന്വേഷിക്കുക. വിജിലൻസിന്‍റെ എറണാകുളം പ്രത്യേക യൂണിറ്റിനാണ് കേസിന്‍റെ അന്വേഷണ ചുമതല. മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

NO COMMENTS

LEAVE A REPLY