മരണത്തിന്റെ ജനനം സൃഷ്ടിച്ച് ബിനാലെയില്‍ ‘ഗര്‍ഭ’

232

കൊച്ചി: മരണത്തിന്റെ ഉപോല്പന്നമായി കരുതപ്പെടുന്ന ചാരത്തില്‍നിന്ന് ജനനം സൃഷ്ടിക്കുകയാണ് കൊച്ചി-മുസിരിസ് ബിനാലെയില്‍ ‘ഗര്‍ഭ’ എന്ന പ്രതിഷ്ഠാപനം. ആദ്യ കാഴ്ചയില്‍ കാര്യമായ കൗതുകം തോന്നാത്ത പ്രതിഷ്ഠാപനമാണ് ജി.ആര്‍ ഇറാനയുടെ ‘ഗര്‍ഭ’. മരണത്തില്‍നിന്ന് സൃഷ്ടിയെ ജനിപ്പിച്ചിരിക്കുകയാണ് ഇറാന. ചെറിയ മുറിയില്‍ ഇത്രവലിയ മുട്ട എങ്ങിനെ കടത്തിയെന്നാണ് ആദ്യം മനസില്‍ ഉയരുന്ന ചോദ്യം. മുട്ടയും ഗര്‍ഭപാത്രമാണ്. അതിനാലാണ് ഗര്‍ഭയെന്ന സൃഷ്ടിയ്ക്ക് ഈ രൂപം നല്‍കിയതെന്ന് ഇറാന പറയുന്നു. വിവിധ മത ഗ്രന്ഥങ്ങളില്‍ മരണാനന്തര ജീവിതം പ്രതിപാദിക്കുന്നുണ്ട്. ആ കാഴ്ചപ്പാടില്‍ നിന്നാണ് ഈ സൃഷ്ടി ഉരുത്തിരിഞ്ഞു വന്നതെന്നും അദ്ദേഹം പറയുന്നു.

ചാരം കൊണ്ടൊരു ഗര്‍ഭപാത്രമുണ്ടാക്കാന്‍ വിവിധ സ്ഥലങ്ങളില്‍ അദ്ദേഹം അലഞ്ഞു തിരിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ചുടലഭൂമിയായ വാരണാസിയില്‍ നിന്നുള്ള ചാരവും ഇതിനായി ഉപയോഗിച്ചിരിക്കുന്നു. ചാരം എന്നും തന്നെ ആകര്‍ഷിച്ച വസ്തുവാണെന്ന് ഇറാന പറഞ്ഞു. കാരണം ശരീരത്തെ ശുദ്ധീകരിക്കുന്നതിന്റെ അവസാന ഘട്ടത്തിന്റെ ഉല്പന്നമാണത്. ശരീരം ഇല്ലാതാകുന്ന അവസ്ഥയുടെ പ്രതീകം. ആ ഇല്ലായ്മയില്‍ നിന്നാണ് ഗര്‍ഭപാത്രം ഉണ്ടാക്കാന്‍ തീരുമാനിച്ചത്. ആ നിലയ്ക്ക് വീക്ഷിക്കുമ്പോള്‍ മരണത്തില്‍ നിന്ന് ജനനം ഉണ്ടാകുന്നു. ഇതിന്റെ തത്വശാസ്ത്രം മനസിലാക്കാന്‍ അത്ര എളുപ്പമല്ലെന്ന് ഇറാന തന്നെ പറയുന്നു. പലരും കുറേയധികം സമയം ഇത് കാണാന്‍ ചെലവഴിക്കുന്നുണ്ട്. ഇല്ലായ്മയുടെ കാന്തിക വ്യാപ്തി അവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നു. ജനനവും മരണവും തമ്മിലുള്ള ആവൃത്തി, രൂപത്തില്‍ നിന്ന് അരൂപിയാകുന്ന അവസ്ഥ, ഇതെല്ലാം ആസ്വാദകന് മനസിലാകും.

ശ്രമകരമായ ജോലിയായിരുന്നു ഇതുണ്ടാക്കല്‍. 1200 കിലോയാണ് ഈ സൃഷ്ടിയുടെ ഭാരം. ആദ്യ ആറു പാളികള്‍ ലോഹം കൊണ്ടാണ് ഉണ്ടാക്കിയത്. ഒരു മാസം ഇതിന്റെ ഭാഗങ്ങളുണ്ടാക്കാന്‍ ഡല്‍ഹിയില്‍ ചെലവഴിച്ചു. പിന്നെ ആസ്പിന്‍വാളിലെത്തിച്ച് 12 ദിവസം കൊണ്ടാണ് ഇത് ഇപ്പോള്‍ കാണുന്ന രൂപത്തിലാക്കിയത്. അവസാന പാളി പൂര്‍ണമായും ചാരം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ആത്മീയമായ സ്വാതന്ത്ര്യംതേടിയുള്ള ഇറാനയുടെ ഇതുവരെയുള്ള യാത്രകളുടെ ആകെത്തുകയാണ് ഗര്‍ഭ. പൗരസ്ത്യ തത്വചിന്തകളിലാണ് തന്റെ കമ്പമെന്ന് അദ്ദേഹം പറയുന്നു. ലോകത്തെ മനസിലാക്കാന്‍ ആദ്യം സ്വന്തം അസ്തിത്വത്തെ മനസിലാക്കണം. 1997-ലെ ലളിതകലാ അക്കാദമി ദേശീയപുരസ്‌കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള കലാകാരനാണ് ഇറാന.
ഉള്‍ക്കാഴ്ചകളുരുവാകുന്നിടം എന്ന ക്യൂറേറ്റര്‍ പ്രമേയത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന പ്രതിഷ്ഠാപനം എന്ന വിശേഷണം ഇതിനകം തന്നെ ബിനാലെ സന്ദര്‍ശകരില്‍നിന്ന് ഗര്‍ഭ നേടിക്കഴിഞ്ഞു.

NO COMMENTS

LEAVE A REPLY