ഇന്ത്യയിലെ രണ്ടാമത്തെ ബ്ലോക്‌ചെയിന്‍ അക്കാദമി കേരളത്തില്‍

228

തിരുവനന്തപുരം : വിവരശേഖരണ-നിര്‍വഹണ സംവിധാനങ്ങളിലെ നൂതന മാതൃകയായ ബ്ലോക്‌ചെയിന്‍ ടെക്‌നോളജിയിലെ രാജ്യാന്തര പഠന-വികസന ശൃംഖലയായ ബ്ലോക്‌ചെയിന്‍ എജ്യുക്കേഷന്‍ നെറ്റ്‌വര്‍ക്കുമായി (ബെന്‍) സഹകരിച്ച് കരളത്തില്‍ ബ്ലോക്‌ചെയിന്‍ അക്കാദമി ആരംഭിക്കുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് -കേരള (ഐഐഐടിഎം-കെ) അറിയിച്ചു. ടെക്‌നോപാര്‍ക്കില്‍ ഐഐഐടിഎം-കെ സംഘടിപ്പിച്ച ബ്ലോക്‌ചെയിന്‍ ടെക്‌നോളജി ശില്‍പശാലയിലായിരുന്നു പ്രഖ്യാപനം. ഐഐഐടിഎം-കെ ഡയറക്ടര്‍ ഡോ. രാജശ്രീ എം.എസ്. ആണ് ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ബ്ലോക്‌ചെയിന്‍ അക്കാദമിക്ക് തുടക്കമിടുന്ന പ്രഖ്യാപനം നടത്തിയത്. ബാംഗ്ലൂരിലാണ് ആദ്യ അക്കാദമി പ്രവര്‍ത്തിക്കുന്നത്.

ശൃംഖലയില്‍ നടന്ന എല്ലാ ഇടപാടുകളുടെയും ചരിത്രം ലെഡ്ജറില്‍ ബ്ലോക്കുകളായി ശേഖരിച്ചു സൂക്ഷിക്കുകയും പിയര്‍-ടു-പിയര്‍ വികേന്ദ്രീകൃത നെറ്റ്‌വര്‍ക്കില്‍ ആകെ വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു. സാധുവായ കൈമാറ്റങ്ങള്‍ രേഖപ്പെടുത്തിയ ബ്ലോക്കുകള്‍ ശൃംഖലയുടെ ആരംഭംമുതല്‍ ഏറ്റവും ഒടുവിലത്തെ ബ്ലോക് വരെ ബന്ധിതമാകയാല്‍ അതിനെ ബ്ലോക്‌ചെയിന്‍ എന്നു വിളിക്കുന്നു.
ബാങ്ക്, ആരോഗ്യരംഗം, ഭരണനിര്‍വഹണം എന്നീ മേഖലകളിലാണ് പ്രധാനമായും ബ്ലോക്‌ചെയിനിന്റെ സാധ്യതകള്‍ അന്വേഷിക്കുന്നതെന്ന് ഐഐഐടിഎം-കെയിലെ അസോസിയേറ്റ് പ്രൊഫസറും ശില്‍പശാലയുടെ മുഖ്യ സംഘാടകനുമായ ഡോ. അഷ്‌റഫ് എസ്. പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റങ്ങളുടെ പുരോഗമനവും പ്രവചനാത്മക സാങ്കേതികവിദ്യയുടെ വളര്‍ച്ചയും കൂടി കണക്കിലെടുക്കുമ്പോള്‍ കൂടുതല്‍ സ്വയംപ്രതിരോധശേഷിയുള്ള വിവിരശേഖരണ മാര്‍ഗമായി ബ്ലോക്‌ചെയിനുകള്‍ വികസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. അഷറഫും ഐഐഐടിഎം-കെയിലെ അദ്ദേഹത്തിന്റെ ഗവേഷണ വിദ്യാര്‍ഥിയായ ആദര്‍ശ് എസും സംയുക്തമായി ബ്ലോക്‌ചെയിന്‍ ടെക്‌നോളജില്‍ രചിച്ച പാഠപുസ്തകം ഐജിഐ ഗ്ലോബല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബ്ലോക്‌ചെയിനുകളുടെ സുരക്ഷ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വഴി വര്‍ദ്ധിപ്പിക്കാവുന്നതാണ്. വിവരശേഖരണ-നിര്‍വഹണ സംവിധാനങ്ങളിലെ സുരക്ഷിതവും ജനാധിപത്യപരവുമായ വികേന്ദ്രീകൃത നൂതന മാതൃകയായ ബ്ലോക്‌ചെയിന്‍ ടെക്‌നോളജി സോഫ്റ്റ്‌വെയര്‍ രംഗത്തുമാത്രമല്ല, ഹാര്‍ഡ്‌വെയര്‍ രംഗത്തും പുതിയ സാധ്യതകള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ളതും ഐഐഐടിഎം-കെ നടത്തുന്നതുമായ ഇലക്‌ട്രോണിക് ഇന്‍ക്യുബേറ്ററായ മേക്കര്‍ വില്ലെജിന്റെ കണ്‍സല്‍റ്റന്റായ പ്രൊഫ. എസ്. രാജീവ് പറഞ്ഞു. വികേന്ദ്രീക്രത കംപ്യൂട്ടിംഗും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) ഉപകരണങ്ങളും കൂടി ബ്ലോക്‌ചെയിന്‍ ടെക്‌നോളജിയില്‍ ഉള്‍പ്പെടുന്നതിനാല്‍ മേക്കര്‍ വില്ലേജിനും ഇതില്‍ ഏറെ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐബിഎം റിസര്‍ച്ച് ലാബ്‌സിലെ സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റ് ദിലീപ് കൃഷ്ണസ്വാമി, വീഡിയോ കോണ്‍ഫെറന്‍സിംഗിലൂടെ ബ്ലോക്‌ചെയിന്‍ എജ്യുക്കേഷന്‍ നെറ്റ്‌വര്‍ക്കിന്റെ മൈക്കല്‍ ഗോര്‍ഡ് എന്നിവര്‍ ബ്ലോക്‌ചെയിന്‍ ടെക്‌നോളജിയേയും അതിന്റെ വിവിധ സാധ്യതകളേയും വെല്ലുവിളികളേയും കുറിച്ച് പ്രഭാഷണം നടത്തി. ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ എന്ന ആശയം, വ്യവസായ സാധ്യതകള്‍, ഗവേഷണ സാധ്യതകള്‍, ഭാവി മാതൃകകളും പ്രായോഗിക ഉപയോഗങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ച നടന്നു.

മുത്തൂറ്റ് പാപ്പച്ചന്‍ ടെക്‌നോളജീസ് ലിമിറ്റഡ് സിഇഒ ശ്രീ, കൃഷ്ണന്‍ നീലകണ്ഠന്‍, ഹോഡോ മെഡിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി ശ്രീ. ഷബീര്‍ അലി, ഫെഡറല്‍ ബാങ്ക് ഐടി എന്റര്‍പ്രൈസസ് – മൊബിലിറ്റി ചീഫ് മാനേജര്‍ ശ്രീ. സരണ്‍ ജോസഫ്, ഡോ. അഷറഫ്, പ്രൊഫ. എസ്. രാജീവ് എന്നിവരും നോണ്‍ ബാങ്കിംഗ് ഫൈനാന്‍ഷ്യന്‍ സ്ഥാപനങ്ങള്‍, ആരോഗ്യപരിപാലനരംഗം എന്നീ മേഖലകളിലെ വ്യവസായ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളിലുള്‍പ്പെടെയുള്ള പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY