കലാകാരന്റെ വിങ്ങല്‍ മനസിലാക്കാന്‍ ഭാഷ വേണ്ടെന്ന് ബിനാലെ തെളിയിക്കുന്നു: ബിനോയി വിശ്വം

229

കൊച്ചി: കലാകാരന്മാരുടെ മനസിന്റെ വിങ്ങലാണ് കൊച്ചി-മുസിരിസ് ബിനാലെ പ്രദര്‍ശനങ്ങളുടെ കാതലെന്ന് മുന്‍ മന്ത്രിയും സിപിഐ നേതാവുമായ ബിനോയി വിശ്വം. കുടുംബവുമൊത്ത് ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാന്‍ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ എത്തിയതായിരുന്നു അദ്ദേഹം. കലാകാരന്റെ മനസിന്റെ വിങ്ങല്‍ ആസ്വാദകരെ അറിയിക്കാന്‍ ഭാഷ ഒരു പ്രശ്‌നമല്ലെന്ന് അദ്ദേഹം പറഞ്ഞു. അലെസ് ഷ്‌റ്റെയ്ഗറിന്റെ പിരമിഡ് ഇതാണ് നമ്മെ കാട്ടിത്തരുന്നത്. ലോകമാകെ ബാധിച്ച ഇരുട്ടാണ് ആ പിരമിഡില്‍ നമ്മെ കാത്തിരിക്കുന്നത്. അതില്‍ തലമുറകളായി സാഹിത്യകാരന്മാര്‍ അനുഭവിക്കുന്ന തേങ്ങലുകളും വേദനയുമാണ് നാം കേള്‍ക്കുന്നത്. അത് മനസിലാക്കാന്‍ ഭാഷയുടെ ആവശ്യമില്ല. സന്ദര്‍ശകരെ അനുവാചകരാക്കാന്‍ പോന്ന ആകര്‍ഷണീയത ബിനാലെ പ്രദര്‍ശനങ്ങള്‍ക്കുണ്ടെന്ന് ബിനോയ് വിശ്വം നിരീക്ഷിച്ചു. റൗള്‍ സുറീതയുടെ സീ ഓഫ് പെയിന്‍ മനസിന് വിങ്ങല്‍ സമ്മാനിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നം അഭയാര്‍ത്ഥികളുടേതാണ്. ആ പശ്ചാത്തലത്തില്‍ ലോകം മറക്കാനിടയില്ലാത്ത ഐലന്‍ കുര്‍ദിയുടെ സ്മരണയില്‍ സൃഷ്ടിച്ച സീ ഓഫ് പെയിന്‍ ബിനാലെയുടെ ഏറ്റവും മൂര്‍ത്തമായ പ്രതിഷ്ഠാപനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആട്ടിപ്പായിക്കപ്പെട്ട സമൂഹത്തിന് അഭയം നല്‍കില്ലെന്ന് പറയുന്ന ലോക രാഷ്ട്രങ്ങളുടെ മുന്നിലാണ് ഇത്തരം പ്രദര്‍ശനങ്ങള്‍ക്ക് സാംഗത്യമേറുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം കൊണ്ട് പ്രദര്‍ശനങ്ങള്‍ കണ്ട് മനസിലാക്കാന്‍ സാധിക്കില്ല. അതിനാല്‍ ഇനിയും ബിനാലെ കാണാന്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. സുദര്‍ശന്‍ ഷെട്ടിയുടെ ക്യൂറേറ്റര്‍ പ്രമേയത്തിലെ വൈവിദ്ധ്യം പ്രതിഷ്ഠാപനങ്ങളില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് മുന്‍ ഡെപ്യൂട്ടി സിഎജി നിരഞ്ജന്‍ പന്ത് അഭിപ്രായപ്പെട്ടു. 50 വര്‍ഷം നിലനിന്നാല്‍ സംഗീതത്തെ ഇതിഹാസമെന്ന് വിശേഷിപ്പിക്കാം. ഇതു തന്നെ സമകാലീന കലയിലും ബാധകമാണ്. ഭാവനാപൂര്‍ണമായ ലോകത്തിലേക്ക് സന്ദര്‍ശകരെ അലിയിച്ചു ചേര്‍ക്കുന്നതാണ് ബിനാലെ പ്രദര്‍ശനങ്ങളെന്ന് കൊച്ചിയിലെ ആദായ നികുതി വകുപ്പ് കമ്മീഷണര്‍ എ മോഹനന്‍ പറഞ്ഞു. വിവിധ സംസ്‌കാരങ്ങളെ വിവിധ വീക്ഷണങ്ങളിലൂടെ ബിനാലെ കാണിച്ചുതരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY