മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന് ഇടതുമുന്നണി വാഗ്ദാനം നല്‍കിയതായി താന്‍ പ്രസംഗിച്ചെന്ന വാര്‍ത്ത നിഷേധിച്ച്‌ ജി.സുധാകരന്‍

160

തിരുവനന്തപുരം:കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന് ഇടതുമുന്നണി വാഗ്ദാനം നല്‍കിയതായി താന്‍ പ്രസംഗിച്ചെന്ന വാര്‍ത്ത മന്ത്രി ജി.സുധാകരന്‍ നിഷേധിച്ചു. ഇടുക്കിയിലെ കല്ലാര്‍പാലം ഉദ്ഘാടന ചടങ്ങില്‍ താന്‍ അങ്ങനെ സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
ഇത് ചില ലേഖകന്മാര്‍ ഉണ്ടാക്കിയ കെട്ടുകഥയാണ്. 2012 ല്‍ മാണി രാഷ്ട്രീയമായി നേര്‍വഴിക്ക് സഞ്ചരിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് ഉന്നതി കിട്ടുമായിരുന്നുവെന്ന് നിയമസഭയില്‍ പ്രസംഗിച്ചകാര്യമാണ് പറഞ്ഞത്. എല്‍.ഡി.എഫ് മാണിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചെന്നോ, വാഗ്ദാനം കൊടുത്തെന്നോ, മുഖ്യമന്ത്രി ആക്കുമെന്നോ തന്റെ പ്രസംഗത്തില്‍ പറഞ്ഞിട്ടില്ല. പ്രസംഗത്തിന്റെ പൂര്‍ണരൂപം വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തരവാദപ്പെട്ട ആളുകള്‍ പറയാത്ത കാര്യങ്ങള്‍പറഞ്ഞ് പ്രചരിപ്പിക്കുന്നത് ടെലിവിഷന്‍ മാധ്യമങ്ങളുടെ വിനോദമായി മാറിയിരിക്കുകയാണ്. ഇത്ജനങ്ങള്‍ അംഗീകരിക്കില്ലെന്നും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് മാധ്യമങ്ങള്‍ അടിയന്തരമായി തിരുത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

NO COMMENTS